ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയം നേടി മുന്നേറുകയാണ്. പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിക്കുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ഭാസ്‍കർ എന്ന കേന്ദ്ര കഥാപാത്രമായി ദുൽഖർ സൽമാൻ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. എന്നാൽ ദുൽഖർ സൽമാനെ കൂടാതെ രണ്ട് മലയാളികൾ കൂടെ ലക്കി ഭാസ്കറിനെ മനോഹരമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ചിത്രത്തിന് കാമറ ചലിപ്പിച്ച നിമിഷ് രവിയും ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ച ബംഗ്ലാനുമാണ് ആ രണ്ട് പ്രതിഭകൾ.
ലക്കി ഭാസ്കറിന്റെ ഏറ്റവും വലിയ മികവ് അതിലെ ദൃശ്യങ്ങളുടെ മനോഹാരിതയും കഥ നടക്കുന്ന പശ്‌ചാത്തലത്തിന്റെ പൂർണ്ണതയുമാണ്. നിമിഷ് രവി ഒരുക്കിയ ദൃശ്യങ്ങൾ കഥാന്തരീക്ഷത്തെ ഏറ്റവും മനോഹരമായി ഒപ്പിയെടുത്തപ്പോൾ, 1980 -90 കാലഘട്ടത്തിലെ ബോംബെ നഗരത്തെ അമ്പരപ്പിക്കുന്ന സൂക്ഷ്മതയോടെയാണ് ബംഗ്ളാൻ പുനഃസൃഷ്ടിച്ചത്. അദ്ദേഹം ഹൈദരാബാദിൽ നിർമ്മിച്ച കൂറ്റൻ സെറ്റുകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ മഗധ ബാങ്ക്, ബോംബെ തെരുവുകൾ, ഭാസ്കറിന്റെ വീട് തുടങ്ങി, ഏറ്റവും പൂർണ്ണതയോടെയാണ് കഥയിലെ ഓരോ ഭാഗങ്ങൾക്ക് വേണ്ടിയും അദ്ദേഹം പ്രൊഡക്ഷൻ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. കഥയും കഥാപാത്രങ്ങളും അവരുടെ പശ്‌ചാത്തലവും ഏറ്റവും വിശ്വസനീയമായി പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞതിൽ ഇവരുടെ പങ്ക് വളരെ വലുതാണ്.
ലുക്കാ, സാറാസ്, ദുൽഖർ സൽമാന്റെ കുറുപ്പ്, മമ്മൂട്ടി നായകനായ റോഷാക്ക്, കിംഗ് ഓഫ് കൊത്ത, ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രം ബസൂക്ക എന്നിവയാണ് നിമിഷ് രവി ഇതിനു മുൻപ് കാമറ ചലിപ്പിച്ച ദൃശ്യങ്ങൾ. കുറുപ്പിലെ ദൃശ്യങ്ങൾക്ക് 2022 ലെ മികച്ച ഛായാഗ്രാഹകനുള്ള സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡും നിമിഷ് സ്വന്തമാക്കി. ഒട്ടേറെ മലയാള ചിത്രങ്ങൾക്ക് വേണ്ടി കലാസംവിധാനം നിർവഹിച്ചിട്ടുള്ള വിനേഷ് ബംഗ്ലാൻ, കമ്മാര സംഭവം, കുറുപ്പ്, രോമാഞ്ചം തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം കാന്താര ചാപ്റ്റർ 1 , ഇനി തുടങ്ങാൻ പോകുന്ന പൃഥ്വിരാജ് നായകനാവുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കാളിയൻ എന്നിവയുടെയും പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാനാണ് നിർവഹിക്കു Lucky Bhaskarന്നത്. കമ്മാര സംഭവം എന്ന ചിത്രത്തിലൂടെ പ്രൊഡക്ഷൻ ഡിസൈനർക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‍കാരവും കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.