അമല്‍നീരദിന്റെ ബൊഗെയ്ന്‍വില്ലയില്‍ റീത്തു എന്ന കഥാപാത്രമായി അമ്പരപ്പിക്കുകയാണ് ജ്യോതിര്‍മയി. ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന നോവലിനെ ആസ്പദമാക്കി അമല്‍നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബൊഗെയ്ന്‍വില്ല. മികച്ച ചിത്രം എന്ന അഭിപ്രായം സ്വന്തമാക്കി മുന്നേറുമ്പോള്‍,ജ്യോതിര്‍മയിയുടെ ഗംഭീര തിരിച്ചുവരവാണ് ചര്‍ച്ചയാകുന്നത്. ജ്യോതിര്‍മയിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ബൊഗെയ്ന്‍വില്ല'യില്‍. റീത്തു എന്ന കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഒരു ഘട്ടം കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്കും അനുഭവപ്പെടും. അതിന് ഉദാഹരണം അമേരിക്കന്‍ സംവിധായകന്‍ ആരി ആസ്റ്റെറിന്റെ ബ്യു ഈസ് അഫ്രെയ്ഡ് എന്ന ഹോളിവുഡ് സിനിമയില്‍ ബ്യു എന്ന കഥാപാത്രം അനുഭവിക്കുന്ന അതേ മാനസിക സംഘര്‍ഷം ബൊഗെയ്ന്‍വില്ലയിലെ റീത്തുവും നേരിടുന്നു. അത്രത്തോളം മനോഹരമായാണ് ജ്യോതിര്‍മയി റീത്തുവിനെ അവതരിപ്പിച്ചത്.
മലയാള തനിമ നിറഞ്ഞു തുളുമ്പുന്ന, അത്യാവശ്യം ചാടിയും ഓടിയും നടക്കുന്ന കഥാപാത്രങ്ങളാണ് ജ്യോതിര്‍മയി കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. അമ്മ, ഊമയായ കല്യാണ പെണ്ണ്, ജേര്‍ണലിസ്റ്റ്, പട്ടാളത്തിലെ ഡിങ്ങിണി പാടി കുട്ടികളോടൊപ്പം ചുവടുവയ്ക്കുന്ന പെണ്‍കുട്ടി തുടങ്ങിയ കഥാപാത്രങ്ങളും സാഗര്‍ ഏലിയാസ് ജാക്കിയിലെ 'വിവാദ'മായ ഐറ്റം ഡാന്‍സുമൊക്കെയാണ് ഇടവേളയ്ക്കു മുമ്പ് ജ്യോതിര്‍മയി അവതരിപ്പിച്ചിട്ടുള്ളത്.
11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിര്‍മയിയുടെ രണ്ടാം വരവാണ് 'ബൊഗെയ്ന്‍വില്ല'. ഇത് പഴയ ആ ജ്യോതിര്‍മയിയാണോ എന്നു സംശയം തോന്നിപ്പിക്കുന്ന വിധം സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ജ്യോതിര്‍മ്മ 'ബൊഗെയ്ന്‍വില്ലയില്‍' എത്തുന്നത്.