മമ്മൂട്ടി കാരണമല്ല കാതലിലെ ഇഴുകിച്ചേർന്നുള്ള രംഗങ്ങൾ ഒഴിവാക്കിയതെന്ന് ജിയോ ബേബി

ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക് ചെയ്യാൻ തോന്നിയ സിനിമയാണ് കാതൽ. എന്തുകൊണ്ടാണ് എന്നെ കാസ്റ്റ് ചെയ്തത് എന്ന് മമ്മൂട്ടി ചോദിച്ചിട്ടുണ്ട്.

author-image
Anagha Rajeev
New Update
jeo baby

കാതലിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ മമ്മൂട്ടിയായിരുന്നു മനസിലെന്ന് സംവിധായകൻ ജിയോ ബേബി. കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം ഓകെ പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് മാറ്റിവച്ചാണ് അദ്ദേഹം കാതലിൽ അഭിനയിച്ചത്. 

'ഒരു അഭിനേതാവ് എന്ന നിലയിൽ മമ്മൂട്ടിക്ക് ചെയ്യാൻ തോന്നിയ സിനിമയാണ് കാതൽ. എന്തുകൊണ്ടാണ് എന്നെ കാസ്റ്റ് ചെയ്തത് എന്ന് മമ്മൂട്ടി ചോദിച്ചിട്ടുണ്ട്. മമ്മൂട്ടിയെപ്പോലെയുള്ള അഭിനേതാവും ഈ ആശയം മനസിലാക്കാൻ പറ്റിയ ഒരു മനുഷ്യനേയും വേണം എന്നാണ് ഞാൻ പറഞ്ഞത്. ബോളിവുഡിലേയും മറ്റും നടന്മാർക്ക് തന്റെ ഇമേജ് നഷ്ടപ്പെടുമോ എന്ന അനാവശ്യ ഭയമുണ്ട്. അതൊന്നും ഇല്ലാത്ത ഒരു നടൻ നമുക്കുണ്ട് എന്നതാണ് നമ്മുടെ സന്തോഷവും അഭിമാനം.

മമ്മൂട്ടി ഉള്ളതുകൊണ്ടല്ല ചിത്രത്തിൽ ഇഴുകിച്ചേർന്നുള്ള രംഗങ്ങൾ ഒഴിവാക്കിയതെന്ന് സംവിധായകൻ വ്യക്തമാക്കി. 'മമ്മൂക്ക ഈ സിനിമയിൽ ഉള്ളതുകൊണ്ടാണ് ചിത്രത്തിൽ ഇഴുകിചേർന്നുള്ള രംഗങ്ങൾ ഇല്ലാത്തത് എന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് എന്റെ കയ്യിലുണ്ട്. സ്‌നേഹിക്കുന്ന രണ്ട് മനുഷ്യരെക്കുറിച്ചാണ് ചിത്രം പറയുന്നത്. അവർ രണ്ട് പേരും കെട്ടിപ്പുണരുന്നതും, ചുംബിക്കുന്നതുമൊന്നും എടുക്കാൻ തോന്നിയില്ല. സിനിമയ്ക്ക് അത് ആവശ്യമായിരുന്നില്ല.'- അദ്ദേഹം പറഞ്ഞു.

'മമ്മൂട്ടി ഇല്ലായിരുന്നെങ്കിൽ മറ്റേതെങ്കിലും നടനെവെച്ച് കാതൽ ഞാൻ ചെയ്യുമായിരുന്നു. എനിക്ക് മാത്രമാണ് മമ്മൂട്ടി സിനിമയിലേക്ക് വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നത്. മമ്മൂക്കയ്ക്ക് മനസിലായാൽ അദ്ദേഹം ചെയ്യുമല്ലോ? അദ്ദേഹത്തിന് മനസിലാകുമോ എന്ന് നോക്കാം എന്നാണ് ഞാൻ തിരക്കഥാകൃത്തുക്കളായ ആദർശിനോടും പോൾസനോടും പറഞ്ഞത്. അവിടെ ചെന്നപ്പോൾ മമ്മൂക്കയ്ക്ക് കൃത്യമായി മനസിലായി. ആ സിനിമ വളരെ പെട്ടെന്നാണ് സംഭവിച്ചത്. അദ്ദേഹത്തെ കണ്ട് ആറ് മാസത്തിനുള്ളിൽ സിനിമ ആരംഭിച്ചു. ഞങ്ങൾക്ക് മുൻപ് തുടങ്ങേണ്ടിയിരുന്ന കണ്ണൂർ സ്‌ക്വാഡ് മാറ്റിവെച്ചാണ് കാതൽ ചെയ്തത്.'

എൽജിബിറ്റി കമ്യൂണിറ്റിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരുപാട് അറിയാമായിരുന്നു. ഇത്തരത്തിലുള്ള മനുഷ്യരെക്കുറിച്ച് ഞങ്ങൾ ഒരുപാട് സംസാരിച്ചിട്ടുണ്ട് എന്നാണ് ജിയോ ബേബി പറയുന്നത്.  ജ്യോതികയെ നിർദേശിച്ചതും മമ്മൂട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

mammootty jeo baby