ചോര തുപ്പി പലദിവസവും ഞാൻ ആ വീട്ടിൽ കിടന്നിട്ടുണ്ട്; പൊട്ടിക്കരഞ്ഞ് അമൃത

ബാലയുടെ ഉപദ്രവത്തെ തുടർന്ന് പലപ്പോഴും ചോര തുപ്പി ആ വീട്ടിൽ കിടന്നിട്ടുണ്ട്. ബാല തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നു എന്നൊക്കെയാണ് അമൃത പറയുന്നത്.

author-image
Anagha Rajeev
New Update
Singer Amrutha

നടൻ ബാലയുമായുള്ള വിവാഹമോചനത്തിന്റെ കാരണം ആദ്യമായി വിശദീകരിച്ച് ഗായിക അമൃത സുരേഷ്. ബാല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറഞ്ഞും മകൾ അവന്തികയുടെ വെളിപ്പെടുത്തലുകളിൽ വ്യക്തത വരുത്തിയുമാണ് അമൃത രംഗത്തെത്തിയിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാൻ പോലും അമൃത തയാറായില്ലെന്നും മകളെ തന്നിൽ നിന്ന് അകറ്റുകയായിരുന്നുവെന്നും ബാല ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മകൾ രംഗത്തെത്തിയത്. അമ്മയെ അച്ഛൻ ഉപദ്രവിക്കുമായിരുന്നു, തന്നെ ഭക്ഷണം പോലും തരാതെ മുറിയിൽ പൂട്ടിയിട്ടു എന്നാണ് മകൾ പറഞ്ഞത്.

ഇതിനു പിന്നാലെ മറുപടിയുമായി ബാലയെത്തി. മകളോട് തർക്കിക്കാൻ ഇല്ലെന്നും ഇനിയൊരിക്കലും അച്ഛനെന്ന അവകാശവാദവുമായി വരില്ലെന്നും ബാല വ്യക്തമാക്കി. ഇതോടെ അവന്തികയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ സൈബർ ആക്രമണം ഉണ്ടായി. ഇതിനെ തുടർന്നാണ് കാര്യങ്ങളിൽ വ്യക്തത വരുത്തി അമൃത നേരിട്ടെത്തിയത്. ബാലയുടെ ഉപദ്രവത്തെ തുടർന്ന് പലപ്പോഴും ചോര തുപ്പി ആ വീട്ടിൽ കിടന്നിട്ടുണ്ട്. ബാല തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നു എന്നൊക്കെയാണ് അമൃത പറയുന്നത്.

അമൃതയുടെ വാക്കുകൾ:

ഇത്രയും കാലം മിണ്ടാതിരിക്കുകയായിരുന്നു. മകളുടെ കാര്യമായത് കൊണ്ടാണ് പറയുന്നത്. മകളുടെ പേരിൽ ഒരു വ്യാജ വാർത്ത വന്നിരുന്നു. മകൾക്ക് കോവിഡ് വന്നിട്ട് ഞാൻ ബാലചേട്ടനെ കാണിച്ചില്ല എന്ന് പറഞ്ഞ്. പിന്നീട് ചാനലുകാർ വന്ന് സത്യാവസ്ഥ മനസ്സിലാക്കി. അവർക്ക് ബാലചേട്ടൻ നൽകിയ വ്യാജ വാർത്തയായിരുന്നു അത്. ഞാൻ മിണ്ടാതിരിക്കുന്നതുകൊണ്ട് ഒരുഭാഗം മാത്രമേ കേൾക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ അത്രത്തോളം എല്ലാവരും എന്നെ വെറുക്കുന്നുണ്ടെന്ന് അറിയാം. ആ വെറുപ്പ് മാറ്റാൻ ഞാൻ ശ്രമിച്ചിട്ടില്ല. ഞാനും അമ്മയും മകളും അഭിരാമിയുമുള്ള ഒരു ചെറിയ കുടുംബമാണ് അത്. ആ കുട്ടിയുടെ പിറന്നാളായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ്. സന്തോഷത്തോടെ പോകേണ്ട ദിവസമായിരുന്നു അത്. പക്ഷേ കുട്ടിയെ കുറിച്ച് ഓരോ വാർത്തകൾ വരുമ്പോൾ അവൾ എങ്ങനെ സന്തോഷമായിരിക്കും.

ഇന്ന് മകൾ വലുതായിരിക്കുന്നു. അവൾ എല്ലാം മനസിലാക്കുന്നു. അതുകൊണ്ടാണ് അവൾ സ്വയം വീഡിയോ ചെയ്തത്. അവൾ എന്ത് പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. മകൾ വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ അദ്ദേഹം ഒരു വീഡിയോ ഇറക്കി. പാപ്പു എന്നോടു പറയാതെ ചെയ്തതാണ്. അത്രയും കണ്ട് വിഷമിച്ചിട്ടുണ്ട് അവൾ. ഈ 12 വർഷവും ഞങ്ങൾ കടന്നുപോയ കാര്യങ്ങളെല്ലാം ആ കുഞ്ഞുകുട്ടി കണ്ടിട്ടുള്ളതാണ്. ഇനിയെങ്കിലും എന്റെ മമ്മി തെറ്റുകാരിയല്ലെന്ന് വിചാരിക്കട്ടെ എന്നു കരുതി അവളുടെ കുഞ്ഞുഭാഷയിൽ, അവൾക്ക് സാധിക്കുന്ന പക്വതയിൽ അവൾ സംസാരിച്ച കാര്യങ്ങളാണ്. ആ വീഡിയോ വന്ന് അരമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ അവളെ കൂടുതൽ സൈബർ ബുള്ളിയിങ്ങിന് ഇട്ടുകൊടുക്കുന്ന ഇമോഷനൽ വീഡിയോ വന്നു. അതിനുശേഷം പാപ്പുവിനെ പറയാത്തതായി ഒന്നുമില്ല. കള്ളി, അഹങ്കാരി, തുടങ്ങി ഒരു കുഞ്ഞുകുട്ടിയെ വിളിക്കാൻ പറ്റാത്ത ചീത്ത വാക്കുകളാണ് മലയാളികൾ കമന്റ് ചെയ്തത്. കൊച്ചിനെ പറഞ്ഞാൽ എനിക്ക് വിഷമമാകും. അതിന് വ്യക്തത നൽകിയെ പറ്റൂ.

ഞാൻ മകളെ ബ്രെയിൻ വാഷ് ചെയ്തുവെന്നാണ് പ്രധാന ആരോപണം. ആശുപത്രിയിൽ വയ്യാതെ കിടക്കുമ്പോൾ മകൾ, ലാപ്‌ടോപ് വാങ്ങിത്തരണമെന്ന് പറഞ്ഞുവെന്നാണ് ബാല ചേട്ടൻ അഭിമുഖത്തിൽ പറഞ്ഞത്. അത് കണ്ടപ്പോൾ മകൾ എന്നോട് ചോദിച്ചു, എന്തിനാണ് അച്ഛൻ ഇങ്ങനെ കള്ളം പറയുന്നതെന്ന്. കോടതിയിൽ നിന്ന് മകളെ വലിച്ചിഴച്ചാണ് വണ്ടിയിൽ കയറ്റി കൊണ്ടുപോയത്. ഇതെല്ലാം അവൾ അനുഭവിച്ചതാണ്. ഇതിൽ ഞാൻ ബ്രെയിൻ വാഷ് ചെയ്തുവെന്ന് പറയുന്നതിലെ അർഥം എന്താണ് എന്റെ മലയാളി ചേട്ടന്മാരെ, ചേച്ചിമാരെ. നൂറുകണക്കിന് ആളുകൾ കണ്ട രംഗമാണ്. കുട്ടിക്കാലത്തുണ്ടാകുന്ന ദുരനുഭവങ്ങൾ എല്ലാവർക്കും ഓർമയില്ലേ. അവൾ കുഞ്ഞ് ആയിരിക്കുമ്പോൾ വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ ജോലിക്കാരാണ് അവൾക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി എടുത്ത് കൊണ്ടുപോയിരുന്നത്. ഇവരെല്ലാം വിവാഹമോചനത്തിന്റെ സമയത്ത് സാക്ഷി പറഞ്ഞതാണ്.

മകൾ സ്‌കൂളിൽ പോകുമ്പോഴെല്ലാം പലരും വീട്ടിലെ പ്രശ്‌നങ്ങൾ ചോദിക്കും. ഒരിക്കൽ ഒപ്പം പഠിക്കുന്ന കുട്ടി നിന്റെ അമ്മ ചീത്തയാണെന്ന് അച്ഛൻ പറഞ്ഞുവല്ലോ എന്ന് ചോദിച്ചു. അന്ന് കരഞ്ഞുകൊണ്ടാണ് മകൾ വീട്ടിലെത്തിയത്. ഞാൻ എന്ത് തെറ്റാണ് ചെയ്തത്. പതിനെട്ടാമത്തെ വയസ്സിൽ ആദ്യമായി ഒരാളെ സ്‌നേഹിച്ചു. അയാളെ കല്യാണം കഴിച്ചു. അതിന് ശേഷം ചോര തുപ്പി പലദിവസവും ഞാൻ ആ വീട്ടിൽ കിടന്നിട്ടുണ്ട്. എനിക്ക് വീട്ടിൽ പറയാൻ മടിയായിരുന്നു, കാരണം അച്ഛനും അമ്മയും ഈ വിവാഹത്തിന് എതിരായിരുന്നു. ഒരുപാട് കള്ളങ്ങൾ പറഞ്ഞാണ് എന്നെ വിവാഹം ചെയ്തത്. ബാല ചേട്ടൻ എന്നെ വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നു. അത് നിശ്ചയം കഴിഞ്ഞാണ് ഞാൻ അറിയുന്നത്. അന്നും അച്ഛനും അമ്മയും വിവാഹത്തിൽ നിന്ന് പിന്മാറാൻ എന്നോട് പറഞ്ഞതാണ്. പക്ഷേ ഞാൻ തയാറായില്ല.



ഉപദ്രവം കൂടി വന്നപ്പോൾ, മകളെ ബാധിച്ചു തുടങ്ങിയപ്പോൾ, ആ വീട്ടിൽ നിന്ന് ഓടിയതാണ്. കോടികൾ എടുത്ത് കൊണ്ടല്ല ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങിയത്. നഷ്ടപരിഹാരം ചോദിച്ചിരുന്നു. പക്ഷേ മകളെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം ഒന്നും വേണ്ടെന്ന് പറഞ്ഞു. ബാല ചേട്ടൻ ആശുപത്രിയിൽ കിടക്കുമ്പോൾ നിങ്ങൾ എല്ലാവരും പ്രാർഥിച്ചു. പക്ഷേ ഇന്നും ഞാൻ ചികിത്സയിലാണ്. അന്ന് അടിയും തൊഴിയും കൊണ്ടതിന്റെ ആഘാതം വലുതായിരുന്നു. ഇടയ്ക്കിടെ രക്തസ്രാവം ഉണ്ടാകുന്നതുകൊണ്ട് ചികിത്സയിലായിരുന്നു. ശരീരത്തിലെ പാടുകൾ കളയാൻ ഇന്നും ചികിത്സ ചെയ്യുന്നു. ഞാൻ എങ്ങിനെയെങ്കിലും ജീവിച്ചു പൊയ്‌ക്കോട്ടെ. കോടികൾ ഉണ്ടെങ്കിൽ ഞാൻ എന്നേ സ്വന്തമായി ഒരു വീട് വച്ചേനെ.

എന്നെ വൃത്തികെട്ട അമ്മ എന്ന തരത്തിൽ ചിത്രീകരിക്കുകയാണ്. 14 വർഷത്തിന് ശേഷം ഞാൻ ഒരു പ്രണയബന്ധത്തിലായി. ഒരുപാട് വർഷത്തിന് ശേഷം സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നലുണ്ടായി. അത് നന്നായി പോകണേ എന്ന് കരുതിയാണ് തുടങ്ങിയത്. പക്ഷേ ഒരു ഘട്ടത്തിൽ ഇത് മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോൾ പരസ്പര ധാരണയോടെ വേർപിരിഞ്ഞു. ഇതേ സമയത്ത് അവിടെയും (ബാലയുടെ വിവാഹം) ഒരു വിവാഹം കഴിഞ്ഞു. പക്ഷേ, എന്നെ മാത്രം മോശമായി ചിത്രീകരിക്കുന്നു. ഇരവാദവുമായല്ല നിങ്ങൾക്കു മുന്നിൽ വന്നിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ഞാൻ അദ്ദേഹത്തെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ജീവിച്ചു പോകാൻ അനുവദിക്കണം. ഞങ്ങൾക്കു വേണ്ടി സംസാരിക്കാൻ ഞങ്ങൾ മാത്രമേയുള്ളൂ. എന്റെ മകളെ സൈബർ ബുള്ളീയിങ് ചെയ്യരുത്. ആ കുഞ്ഞിനെ വേദനിപ്പക്കരുത്.

singer amrutha