അമല്‍നീരദ് ചിത്രം 'ബൊഗെയ്ന്‍ വില്ലയി'ലെ 'കര്‍ത്താവിനും സ്തുതി...' എന്ന ഗാനം വലിയ വിവാദമായി. വൈറലായ ഈ പാട്ട് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന ആരോപണമാണ് ഉയര്‍ന്നത്. ഇതിനു സമാനമായ ആരോപണമായിരുന്നു ഫഹദ് ഫാസില്‍ ചിത്രം ആവേശത്തിലെ സെന്‍സേഷണലായ 'ഇല്ലുമിനിറ്റി' എന്ന ഗാനവും നേരിട്ടത്. കുട്ടികളെ വഴിതെറ്റിക്കുന്ന വരികളാണ് പാട്ടിനുള്ളതെന്ന ആരോപണം ഇല്ലുമിനാറ്റിക്കും നേരിടേണ്ടി വന്നു.
ഈ രണ്ടു പാട്ടുകളും എഴുതിയത് വിനായക് ശശികുമാറാണ്. ഗപ്പി, മായനദി, അമ്പിളി, രോമാഞ്ചം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ പാട്ടെഴുത്തുകാരനാണ് വിനായക് ശശികുമാര്‍. സ്തുതി സാത്താന്‍ സേവയെ പ്രോത്സാഹിപ്പിക്കാന്‍ എഴുതിയ ഗാനമല്ലെന്നും അങ്ങനെ ചിന്തിച്ചിട്ടുപോലും ഇല്ലെന്നാണ് ഒരു മലയാള ദിനപത്രത്തിന്റെ ഞായറാഴ്ച പതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ വിനായക് ശശികുമാര്‍ പറയുന്നത്. പുതുതലമുറയെ വഴി തെറ്റിക്കുക, മതവികാരം വ്രണപ്പെടുത്തുക ഇതൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലം മാറുന്നതനുസരിച്ച് പാട്ടുകള്‍ക്ക് മാറ്റം വരും. പൊളിറ്റിക്കലി ഇന്‍കറക്ടായ പരാമര്‍ശങ്ങള്‍ പാട്ടുകളില്‍ ഉള്‍പ്പെടുത്താറില്ല. ജീവിതത്തില്‍ പൊളിറ്റിക്കലി ഇന്‍കറക്ടായാല്‍ കലയിലും അത് പ്രതിഫലിക്കുമെന്നും വിനായക് ശശികുമാര്‍ പറയുന്നു.