ജോക്കർ എന്ന് വിളിച്ചത് പ്രഭാസിനെ അല്ലെന്നും കൽക്കിയിലെ കഥാപാത്രത്തെയാണെന്നും നടൻ അർഷാദ് വാർസി. നേരത്തെ നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെയാണിപ്പോൾ വിശദീകരണവുമായി അർഷാദ് വാർസി മുന്നോട്ട് വന്നിരിക്കുന്നത്. IIFA 2024 അവാർഡിന്റെ റെഡ് കാർപെറ്റിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അർഷാദ് വാർസി ഇക്കാര്യം പറഞ്ഞത്.
കൽക്കി എന്ന ചിത്രം തനിക്കിഷ്ടമായില്ലന്നും പ്രഭാസ് കോമാളിയെപ്പോലെ ആയിരുന്നുവെന്നും വ്യക്തമാക്കി മുൻപ് അർഷാദ് വാർസി നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായിരുന്നു. കൽക്കി കണ്ടപ്പോൾ പ്രഭാസിന്റെ കാര്യത്തിൽ സങ്കടമാണ് തോന്നുന്നത്. ഒരു കോമാളിയെപ്പോലെയായിരുന്നു പ്രഭാസ്. എന്തിനായിരുന്നു അങ്ങനെ ചെയ്തത്? എനിക്ക് ഒരു ‘മാഡ് മാക്സ്’ ആയിരുന്നു കാണേണ്ടിയിരുന്നത്. ഒരു മെൽ ഗിബ്‌സണെ ആയിരുന്നു വേണ്ടിയിരുന്നത്. പക്ഷെ അവരെന്താണ് ചെയ്തുവെച്ചിരിക്കുന്നത്? എന്തിനായിരുന്നു അങ്ങനെ സിനിമ ചെയ്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ല, എന്നായിരുന്നു അർഷാദ് വാർസി മുമ്പ് പറഞ്ഞ വിവാദപരാമർശം.
‘കൽക്കി 2 ‘ ആദ്യ ഷോ കണ്ടിറങ്ങുന്നവർ പ്രഭാസാണ് മികച്ചത് എന്ന് പറയുന്നതിനായി താൻ കഠിനാധ്വാനം ചെയ്യുമെന്നും നാഗ് അശ്വിൻ തന്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ പ്രഭാസിനെതിരായ തന്റെ പരാമർശത്തിൽ അർഷാദ് വാർസി മറുപടി നൽകിയിരിക്കുന്നത്. പ്രഭാസ് ഒരു മികച്ച നടനാണെന്ന് നമുക്ക് എല്ലാവർക്കും അറിയാമെന്നും അത് പ്രഭാസ് പലയാവർത്തി തെളിയിച്ചതുമാണെന്നും അർഷാദ് വാർസി പറയുന്നു. എന്നാൽ ഒരു നല്ല നടന് മോശം കഥാപാത്രം നൽകുമ്പോൾ, അത് പ്രേക്ഷകർക്ക് നിരാശ മാത്രമാണ് നൽകുകയെന്നും അർഷാദ് വാർസി കൂട്ടിച്ചേർത്തു.