ആ ചെറുപ്പക്കാരനെ കണ്ടപ്പോള്‍ തന്നെ സംവിധായകന്‍ സിബി മലയില്‍ ഉറപ്പിച്ചു, ഇയാള്‍ തന്നെ കീരിക്കാടന്‍ ജോസ്. 'നമ്മുടെ കീരിക്കാടന്‍ ജോസ് വന്നു' എന്നാണ് തിരക്കഥാകൃത്ത് ലോഹിതദാസിനോട് സിബി മലയില്‍ പറഞ്ഞത്. ലോഹിതദാസിനും 'കഥാപാത്ര'ത്തെ ബോധിച്ചതോടെ മലയാള സിനിമയില്‍ ആ ലെജന്‍ഡറി ക്യാരക്ടര്‍ പിറന്നു-കീരിക്കാടന്‍, കീരിക്കാടന്‍ ജോസ്! അങ്ങനെയാണ് തിരുവനന്തപുരം സ്വദേശിയായ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്‍ മോഹന്‍രാജ് സിനിമയിലേക്ക് നടന്നുകയറിയത്. അല്ല 'അടിപിടികൂടി' കയറിയത്!
തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെ പോലെയാണ് കീരിക്കാടന്‍. വലിയ ഹൈപ്പില്‍ വരുന്ന കഥാപാത്രം. മറ്റുള്ളവരുടെ വാക്കുകളിലാണ് കീരിക്കാടന്റെ ക്രൂരകൃത്യങ്ങള്‍ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞത്. ഒടുവില്‍ സ്‌ക്രീനില്‍ കീരിക്കാടന്‍ എന്ന ക്രൂരന്‍ നടന്നിറങ്ങി. രണ്ടാള്‍പ്പൊക്കവും തലയെടുപ്പും മുറിപ്പാടുകള്‍ നിറഞ്ഞ മുഖവും ഉണ്ടക്കണ്ണുകളുമുള്ള ടിപ്പിക്കല്‍ വില്ലന്‍. കുറച്ചു സീനുകളില്‍ മാത്രം വന്ന സേതുമാധവനെ വിറപ്പിച്ചുപോയ കീരിക്കാടന്‍ നായകനെയും തോല്‍പ്പിച്ചു. സേതുമാധവന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേരു മറന്നവര്‍ പോലും കീരിക്കാടനെ ഓര്‍ത്തു.
കീരിക്കാടനായി മോഹന്‍രാജ് അഭിനയിച്ചതേയില്ല. വെറുതെ സ്‌ക്രീനില്‍ വന്നുനിന്നാല്‍ മതിയായിരുന്നു. അത്രക്കായിരുന്നു ലോഹിതദാസിന്റെ തിരക്കഥയുടെ കരുത്ത്. പിന്നീട് മൂന്നൂറോളം സിനിമകളില്‍ കീരിക്കാടന്‍ തല്ലുവാങ്ങി.
ഒരു ശരാശരി നടനായിരുന്നു മോഹന്‍രാജ്. ആ ആകാരം തന്നെയായിരുന്നു ശക്തി. സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കും. നായകന്റെ മുന്നില്‍ കീരിക്കാടന്‍ നില്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ശ്വാസമടക്കി തിയേറ്ററുകളിലെ ഇരുട്ടിലിരിക്കും!
കീരിക്കാടന്‍ എന്ന കഥാപാത്രം തന്നെയായിരുന്നു മോഹന്‍രാജിന്റെ ശക്തിയും ദൗര്‍ബല്യവും. ഇത്രയും കഥാപാത്രങ്ങളെ സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടും കീരിക്കാടനായി മാത്രം മോഹന്‍രാജ് അറിയപ്പെട്ടു.
നടനാവാന്‍ ആഗ്രഹിച്ചുവന്നതല്ല മോഹന്‍രാജ്. മലയാള സിനിമ അങ്ങോട്ട് ചെന്നു ക്ഷണിക്കുകയായിരുന്നു. സംവിധായകന്‍ കലാധരന്‍ സുഹൃത്തായിരുന്നു. കിരീടത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന കലാധരന്‍ വഴിയാണ് മോഹന്‍രാജ് കീരിക്കാടനായത്. അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫിസറായി കോഴിക്കോട് ജോലി ചെയ്യുമ്പോഴായിരുന്നു കിരീടത്തിലെ അഭിനയം.
ഒടുവില്‍ മോഹന്‍രാജ് ജീവിതത്തില്‍ നിന്നു പടിയിറങ്ങി. എന്നാല്‍, കീരിക്കാടന് മരണമില്ല!