മലയാളത്തിൻ്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ. ഒക്ടോബർ 31 നു ദീപാവലി റിലീസായി എത്തുന്ന ഈ ചിത്രം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന ദുൽഖർ ചിത്രമാണ്. 100 കോടി ബജറ്റിലാണ് ഈ പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഇത്ര വലിയ ബജറ്റിൽ ഒരുക്കിയ ചിത്രത്തെ കാത്തിരിക്കുന്നത് വമ്പൻ നഷ്ടമായിരിക്കുമോ അതോ ലാഭമായിരിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. നൂറ് കോടിയിലധികം തിരിച്ചു നേടാൻ ഈ ചിത്രത്തിന് കഴിയുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം.
1980-1990 കാലഘട്ടങ്ങളിൽ നടക്കുന്ന കഥ പറയുന്ന ചിത്രം, അന്നത്തെ മുംബൈ നഗരത്തെ അതുപോലെ പുനർസൃഷ്ടിച്ചിരിക്കുകയാണ്. ഹൈദരാബാദിൽ ഒരുക്കിയ വമ്പൻ സെറ്റുകളിലാണ് ചിത്രീകരണം നടന്നത്. അത്കൊണ്ട് തന്നെയാണ് ഇത്രയും വലിയ ബജറ്റി ലേക്ക് ചിത്രമെത്തിയത്. ഈ ധാരാളിത്തം വലിയ നഷ്ടത്തിലേക്ക് ചിത്രത്തെ എത്തിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
യുവ പ്രേക്ഷകരേയും കുടുംബപ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് പ്രദർശനത്തിനെത്തുക. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ കോടികൾ കൊയ്യുമോ അതോ വമ്പൻ നഷ്ടത്തിൻ്റെ കണക്കുകൾ രേഖപ്പെടുത്തുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.