വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ജയം രവിയും ആർതിയും. തന്റെ അറിവോ സമ്മതത്തോടെയോ അല്ല വിവാഹമോചനം പ്രഖ്യാപിച്ചത് എന്ന വിശദീകരണവുമായി ആർതി രംഗത്തെത്തിയതോടെ, ഭാര്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജയം രവിയും എത്തിയിരുന്നു.
ആർതിയുടെ അമിത നിയന്ത്രണങ്ങളാണ് വേർപിരിയലിലേക്ക് നയിച്ചത് എന്നാണ് ജയം രവി പറയുന്നത്. തനിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല. ജോയിന്റ് അക്കൗണ്ടിൽ നിന്നും താൻ പണം പിൻവലിച്ചാൽ ആർതി അതിനെ കുറിച്ച് അന്വേഷിക്കും, അസിസ്റ്റന്റുമാരെ വിളിച്ച് ചോദിക്കും എന്നാണ് ജയം രവി പറയുന്നത്. തനിക്ക് എടിഎം കാർഡ് തരാതെ ആയി എന്നും നടൻ പറയുന്നുണ്ട്.
കഴിഞ്ഞ പതിമൂന്ന് വർഷമായി എനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ല, ആർതിയുമായുള്ള ജോയിന്റ് അക്കൗണ്ട് ആണുള്ളത്. ഞാൻ എവിടെപ്പോയി എന്ത് ചെലവാക്കിയാലും ആ മെസേജ് നേരെ പോകുന്നത് അവരുടെ നമ്പറിലേക്കാണ്. അത് അങ്ങനെ പോകട്ടെന്ന് ഞാൻ കരുതി. പക്ഷേ കുറച്ച് കാലത്തിന് ശേഷം കഥ മാറി.
അവർക്ക് ലക്ഷങ്ങൾ മുടക്കി ബാഗുകളും ചെരുപ്പുകളും തുടങ്ങി എന്തും വാങ്ങാം. ഞാൻ കാർഡ് ഉപയോഗിച്ചാൽ പെട്ടെന്ന് ഫോൺ വരും. ഞാൻ എന്തിന് കാശ് എടുത്തു? എന്ത് കഴിക്കുന്നു? എന്നെല്ലാം ചോദ്യങ്ങൾ. അത് പക്ഷേ എന്നോട് മാത്രമല്ല. അസിസ്റ്റന്റുമാരോടും ചോദിക്കും. അത് എനിക്ക് നാണക്കേടായി.
ഒരിക്കൽ വലിയൊരു സിനിമ വന്നു. അതിന് ഞാൻ ട്രീറ്റ് കൊടുക്കണം. ഞാൻ കാശും കൊടുത്തു. ഉടനെ ആർതി അസിസ്റ്റൻസിനെ വിളിച്ച് എന്തിന് പൈസ എടുത്തു. ആരൊക്കെ ഉണ്ടായി എന്നെല്ലാം ചോദിക്കാൻ തുടങ്ങി. അത് എനിക്ക് വലിയ നാണക്കേടായി. ഒടുവിൽ എടിഎം കാർഡ് എനിക്ക് തരില്ല എന്നുവരെ എത്തി എന്നാണ് അഭിമുഖത്തിൽ ജയം രവി പറഞ്ഞിരിക്കുന്നത്.