ബി. ഉണ്ണികൃഷ്ണന്‍ അങ്ങനെ ചെയ്തത് എന്തിനെന്ന് മനസിലാവുന്നില്ല: പാര്‍വതി തിരുവോത്ത്

ഡബ്ല്യൂസിസിക്ക് മുമ്പ് 13 സിനിമകളില്‍ അഭിനയിച്ച പാര്‍വതി ഡബ്ല്യൂസിസി വന്നശേഷം 11 സിനിമകളില്‍ അഭിനയിച്ചിട്ടുള്ളു എന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് നടി മറുപടി നല്‍കിയത്

author-image
Anagha Rajeev
New Update
parvathy thiruvothu

ഡബ്ല്യൂസിസിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ശേഷം സിനിമകളുടെ എണ്ണം കുറഞ്ഞുവെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തിനോട് പ്രതികരിച്ചാണ് പാര്‍വതി സംസാരിച്ചത്.

ഡബ്ല്യൂസിസിക്ക് മുമ്പ് 13 സിനിമകളില്‍ അഭിനയിച്ച പാര്‍വതി ഡബ്ല്യൂസിസി വന്നശേഷം 11 സിനിമകളില്‍ അഭിനയിച്ചിട്ടുള്ളു എന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് നടി മറുപടി നല്‍കിയത്. ”പലരും പേഴ്സണല്‍ കമന്റ്‌സ് എന്റെ കരിയറിനെപ്പറ്റി പറയുമ്പോള്‍ അത് പേഴ്‌സണല്‍ കമന്റ് മാത്രമായാണ് ഞാന്‍ കാണുന്നത്.”

”കാരണം അവരാരും എന്നോട് ഒരു ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. ഞാനുമായി ഒരു സംവാദത്തിനോ ചര്‍ച്ചയ്‌ക്കോ മുതിരാതെ ബി. ഉണ്ണികൃഷ്ണന്‍ എന്നെപ്പറ്റിയുള്ള ഡാറ്റ കളക്ട് ചെയ്ത് പ്രസ് കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുന്നതിന്റെ സാംഗത്യം എനിക്ക് മനസിലാവുന്നില്ല. എന്നെപ്പറ്റി പറയുമ്പോള്‍ എന്റെ മുഴുവന്‍ കഥ ഉള്‍ക്കൊള്ളാതെയുള്ള ഡാറ്റ എങ്ങനെയാണ് പൂര്‍ണമാകുന്നത്.”

”ഒരാളെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തുമ്പോള്‍ നമ്മള്‍ ഒറ്റക്കാഴ്ചയില്‍ കാണുന്നതിനെക്കാള്‍ പല അടരുകളായുള്ള അധികാരതന്ത്രങ്ങള്‍ അതിലുണ്ടാവും. അത് അഭിനയിച്ച സിനിമകളുടെ എണ്ണം നിരത്തി വിശദീകരിക്കാന്‍ പറ്റുന്ന ഒന്നല്ല. ഇനി എണ്ണം വച്ച് സംസാരിക്കുകയാണെങ്കില്‍ തന്നെ കരിയറിന്റെ തുടക്കകാലത്ത് കിട്ടുന്ന സിനിമകളുടെ അതേ എണ്ണമാണോ ഒരാള്‍ക്ക് അയാളുടെ കരിയറിന്റെ ഏറ്റവും സക്‌സസ്ഫുള്‍ കാലത്ത് കിട്ടേണ്ടത്?”

”അപ്പോഴും കണക്ക് ശരിയാവില്ലല്ലോ. ഇത്തരം പറച്ചിലില്‍ എനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ല. വര്‍ഷങ്ങളായി ഈ രീതിയിലുള്ള അവിശ്വാസവും ആക്ഷേപവും ഞങ്ങള്‍ നേരിടുന്നു. നല്ല ലക്ഷണമൊത്ത സങ്കുചിതമായ നീക്കം മാത്രമാണത്” എന്നാണ് പാര്‍വതി പറയുന്നത്.

Parvathi thiruvoth B Unnikrishnan