അന്ന് അഭിനേതാക്കളെന്നാൽ ഉത്തരേന്ത്യക്കാർ മാത്രം: ചിരഞ്ജീവി

ഗോവയിലെ ഒരു ഫിലിം ഫെസ്റ്റിവലിൽ വെച്ച് ദക്ഷിണേന്ത്യൻ നടൻ എന്ന നിലയിൽ തനിക്കു ലഭിച്ച അവഹേളനമോർക്കുമ്പോൾ ഇന്നത്തെ ദക്ഷിണേന്ത്യൻ സിനിമാമേഖല എത്രയോ കാതം താണ്ടിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു

author-image
Anagha Rajeev
New Update
chiranjeevi

ഇന്ത്യൻ ചലച്ചിത്രമേളകളിൽ നിന്നും ദക്ഷിണേന്ത്യൻ അഭിനേതാക്കൾ അപമാനിക്കപ്പെട്ടിരുന്നു എന്ന് ഓർക്കുകയാണ് നടൻ ചിരഞ്ജീവി. ഗോവയിലെ ഒരു ഫിലിം ഫെസ്റ്റിവലിൽ വെച്ച് ദക്ഷിണേന്ത്യൻ നടൻ എന്ന നിലയിൽ തനിക്കു ലഭിച്ച അവഹേളനമോർക്കുമ്പോൾ ഇന്നത്തെ ദക്ഷിണേന്ത്യൻ സിനിമാമേഖല എത്രയോ കാതം താണ്ടിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

'തൊണ്ണൂറുകളിൽ ഇന്ത്യൻ സിനിമയെന്നാൽ ബോളിവുഡ് സിനിമയായിരുന്നു. ഒരു ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ ഗോവയിലെത്തിയ ഞാൻ മധ്യാഹ്നത്തിൽ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ എനിക്കു ചുറ്റും പതിച്ച പോസ്റ്ററുകളിൽ പ്രശസ്തരായ ബോളിവുഡ് അഭിനേതാക്കളുടെ പടങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. രാജ്കുമാർ, എം.ജി.ആർ പിന്നെ രണ്ട് നടന്മാരുടെ പടങ്ങളും മാത്രമേ തെന്നിന്ത്യൻ അഭിനേതാക്കളുടേതായിട്ടുണ്ടായിരുന്നുള്ളൂ. ശിവാജി ഗണേശനും എ.എൻ.ആറും എൻ.ടി.ആറും എവിടെയെന്ന് ഞാൻ നിരാശയോടെ ചിന്തിച്ചു.'- ചിരഞ്ജിവി പറഞ്ഞു.

ദക്ഷിണേന്ത്യൻ സിനിമാമേഖലയെ സംഘാടകർ അത്ര ഗൗരവമായി പരിഗണിച്ചിരുന്നില്ലെന്നും അതിനുള്ള പ്രതികാരമായിട്ടാണ് കുറച്ച് ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചതെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു. 'ദക്ഷിണേന്ത്യൻ സിനിമാമേഖലയ്ക്ക് അതിന്റേതായ കാര്യക്ഷമതയുണ്ട്. പക്ഷേ സംഘാടകർ അത് പരിഗണിച്ചതേയില്ല. അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് മാത്രമായിരുന്നു. അപമാനവും ക്ഷോഭവും അനുഭവപ്പെട്ടു. പക്ഷേ ഇന്ന് ലോകം മുഴുവൻ നമ്മെ ഉറ്റുനോക്കുന്നു. എസ്.എസ് രാജമൗലി, പ്രശാന്ത് നീൽ, സുകുമാർ, ഋഷഭ് ഷെട്ടി, അറ്റ്‌ലീ, ലോകേഷ് കനകരാജ് തുടങ്ങിയ സംവിധായകരോട് ഇക്കാര്യത്തിൽ നന്ദിയുണ്ട്.' -ചിരഞ്ജീവി കൂട്ടിചേർത്തു.

actor chiranjeevi