പബ്ലിസിറ്റി സ്റ്റണ്ടില്ലാതെ തിയേറ്ററുകളിലെത്തി കോടികള്‍ കളക്ഷന്‍ നേടിയ ചിത്രമാണ് റിഷഭ് ഷെട്ടിയുടെ കാന്താര എന്ന സിനിമ. ചുരുക്കം ചില തിയേറ്ററുകളിലാണ് ചിത്രം ആദ്യം റിലീസ് ചെയ്തത്.മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം കൂടുതല്‍ ജനകീയമായി.ഇതോടെ കൂടുതല്‍ തിയേറ്ററുകളില്‍ സിനിമയെത്തി.റിഷഭ് ഷെട്ടി തന്നെയാണ് സിനിമയുടെ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. കെജിഎഫിനു ശേഷം കന്നഡയില്‍ നിന്നും കേരളത്തിലെത്തി കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടയായിരുന്നു കാന്താര. ആഗോളതലത്തില്‍ കലക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ 1- 2025 ഒക്ടോബര്‍ രണ്ടിന് തീയേറ്ററിലെത്തുമെന്ന് ഹോംബാല ഫിലിംസ് അറിയിച്ചു. റിലീസ് തീയതി പ്രഖ്യാചിച്ചുകൊണ്ടുള്ള അപ്ഡേറ്റ് വീഡിയോ സോഷ്യല്‍മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്.
കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ 1 എന്ന പേരില്‍ ഇറങ്ങിയ വീഡിയോ നവംബര്‍ 18-ന് ആണ് ഹോംബാലെ ഫിലിംസ് പുറത്തുവിട്ടത്. നേരത്തെ ഇറക്കിയ ഇതിന്റെ ഫസ്റ്റ്ലുക്ക് ടീസര്‍ വന്‍ ഹിറ്റായിരുന്നു. തീവ്രവും ദിവ്യവുമായ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്തിരുന്ന ഫസ്റ്റ് ലുക്ക് ടീസറിന് ഇതുവരെ 33 മില്ല്യണ്‍ കാഴ്ച്ചക്കാരാണ് യൂട്യൂബില്‍ മാത്രമുള്ളത്.ഏഴ് ഭാഷകളില്‍ എത്തിയ ടീസറിന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവത്തെക്കറിച്ച് ഗൂഗിളിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിന് സമാനമാണ് റിലീസ് ഡേറ്റ് അപ്ഡേറ്റ് വീഡിയോയും.
കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും ഒന്നിന് മുന്‍പുള്ള കഥയാണ് ഇതില്‍ പറയുന്നത്.കഡംബന്മാരുടെ ഭരണകാലത്തെ കഥയും ചരിത്രസംഭവങ്ങളും, ഭക്തിയുടെ ഘടകങ്ങള്‍ക്കൊപ്പമുള്ള പ്രാദേശിക ഉള്ളടക്കങ്ങള്‍ എന്നിവയുടെ സംയോജനമാണെന്നാണ് അപ്ഡേറ്റഡ് വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. നടനും സംവിധായകനുമായ റിഷഭ് ഷെട്ടി തന്നെയാണ് പുതിയ ചിത്രത്തിലും കേന്ദ്ര കഥാപാത്രമാവുന്നത്. ആദ്യഘട്ടത്തില്‍ പ്രതിധ്വനിച്ച,പരിചിതമായ ആ ഗര്‍ജ്ജനം തിരിച്ചെത്തുന്നതിനോടൊപ്പം,ഒരു ഇതിഹാസത്തിന്റെ പിറവിക്കും തുടക്കമിടുന്നു എന്നും വീഡിയോ പറയുന്നു.
കാന്താര 1 ന് റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രത്തിന് തുടര്‍ച്ചയുണ്ടാവുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. കാന്താരയുടെ പ്രീക്വലായിരിക്കും ചിത്രമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് വെറും പ്രകാശമല്ല,ദര്‍ശനമാണ് എന്നാണ് ഹോംബാലെ ഫിലിംസ് പുറത്തുവിട്ട അനൗണ്‍സ്മെന്റ് വീഡിയോയിലുള്ളത്. കാന്താരയില്‍ റിഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോര്‍ട്ട്.