പ്രഖ്യാപനം മുതൽ ഏറെ ചർച്ചയായ ചിത്രമാണ് നിതേഷ് തിവാരിയുടെ രാമായണ. രൺബീർ കപൂറും സായ് പല്ലവിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണിത്. ചിത്രത്തിൽ രാമനും സീതയുമായാണ് ഇരുവരുമെത്തുന്നത്. ചിത്രത്തിൽ രാവണനായി എത്തുന്നത് കന്നഡ താരം യഷാണ്. തുടക്കത്തൽ ഈ കഥാപാത്രം ചെയ്യാൻ നടൻ വിസമ്മതിച്ചിരുന്നു. പിന്നീട് ചർച്ചകൾക്കൊടുവിലാണ് നടൻ രാവണനാവാൻ സമ്മതം അറിയിച്ചത്.
യഷ് അവതരിപ്പിക്കുന്ന രാവണൻ എന്ന കഥാപാത്രത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരം പുറത്തു വരുകയാണ്. ചിത്രത്തിൽ രാവണൻ കഥാപാത്രത്തിന് വസ്ത്രം ഒരുക്കുന്നത് യഥാർഥ സ്വർണം ഉപയോഗിച്ചാണ്. 'ലങ്കയുടെ രാജാവാണ് രാവണൻ. പുരാണങ്ങളിൽ ലങ്കയെ 'സ്വർണ നഗരം' എന്നാണ് വിശേഷിപ്പിക്കുന്ന്ത്.
ആ പ്രൗഡി വസ്ത്രങ്ങളിലും പ്രതിഫലിപ്പിക്കണം അതിനാലാണ് വസ്ത്രത്തിൽ യഥാർഥ സ്വർണ്ണം ഉപയോഗിച്ചത്. 'പത്മാവത്', 'ഹൗസ്ഫുൾ 4', 'ഹീരമാണ്ടി: ദി ഡയമണ്ട് ബസാർ' തുടങ്ങിയ ചിത്രങ്ങളുടെ കോസ്റ്റ്യൂമ് ഡിസൈനർ ജോഡികളായ റിംപിളും ഹർപ്രീതുമാണ് 'രാമായണ'ത്തിന് വേണ്ടി കോസ്റ്റ്യൂം ഒരുക്കുന്നത്.
സായി പല്ലവി, രൺബീർ കപൂർ ,യഷ് എന്നിവർക്കൊപ്പം സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി ഡിയോൾ ഹനുമാന്റെ വേഷമാണ് ചെയ്യുന്നത്. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപ്പണഖയായും അഭിനയിക്കും. ബോബി ഡിയോൾ കുംഭകർണനായേക്കും.
850 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മൂന്ന് ഭാഗങ്ങളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. എൻഇജി വെർച്വൽ പ്രൊഡക്ഷനാണ് ചിത്രം നിർമിക്കുന്നത്. വിഎഫ്എക്‌സിൽ ഓസ്‌കർ നേടിയ ഡി.എൻ.ഇ.ജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വൽ എഫക്ട് ഒരുക്കുന്നത്