ചെന്നൈ: ബ്ലെസിയുടെ സംവിധാനത്തിൽ പ്രിഥിരാജ് തകർത്തഭിനയിച്ച ആടുജീവിതത്തെ പ്രശംസിച്ച് പ്രമുഖ തമിഴ്-മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ. ആടുജീവിതം ലോക ക്ലാസിക് സിനിമയാണെന്നും ലോകസിനിമയിൽ മലയാളത്തിന്റെ അടയാളമായി മാറുമെന്നും ജയമോഹൻ ബ്ലോഗിൽ കുറിച്ചു.
മനുഷ്യന്റെ ഉള്ളിലുള്ള തളരാത്ത ശക്തിയുടെ അനന്ത സാധ്യതകൾ കൂടി ആടുജീവിതം തുറന്നുവയ്ക്കുന്നു.കൃത്രിമമായി ആവേശം സൃഷ്ടിക്കാതെ നിശ്വാസവും നിശബ്ദതയും കൊണ്ടുമാത്രം അത്യുജ്വലമായ ക്ലൈമാക്‌സ് ഒരുക്കാൻ കഴിഞ്ഞത് ഈ സിനിമയെ മലയാള സിനിമയുടെ മഹത്തായ പാരമ്പര്യത്തിന്റെ മികച്ച പിന്തുടർച്ചാവകാശിയാക്കും എന്നും ജയമോഹൻ ബ്ലോഗിൽ കുറിച്ചു.
ആടുജീവിതം പോലെ ഇത്രയും കലാപരമായ പൂർണതയോടെ സിനിമയൊരുക്കാർ ഇന്ത്യയിൽ മലയാള സിനിമക്ക് മാത്രമേ കഴിയൂവെന്നും ജയമോഹൻ കുറിച്ചു.ബംഗാളി സിനിമക്ക് മുമ്പ് അതിന് സാധിക്കുമായിരുന്നു.എന്നാൽ ഇപ്പോൾ ഹിന്ദി സിനിമയുടെ സ്വാധീനം ബംഗാളി സിനിമയെ തകർത്തിരിക്കുകയാണെന്നും കഥ രസകരമാക്കാൻ സാധാരണ സിനിമക്കാർ ഉപയോഗിക്കുന്ന തന്ത്രങ്ങൾ ഒന്നുമില്ലാതെയാണ് ആടുജീവിതം ഒരുക്കിയിരിക്കുന്നത് എന്നും ജയമോഹൻ അഭിപ്രായപ്പെട്ടു.
നേരത്തേ മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച് കുറിപ്പിട്ട ജയമോഹനെതിരെ വവിയ വിമർശനമുയർന്നിരുന്നു. മഞ്ഞുമ്മൽ ബോയ്സ് തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മലയാളത്തിലെ പല സിനിമകളെയും പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണിതെന്നുമായിരുന്നു ജയമോഹന്റെ വിമർശനം.
മഞ്ഞുമ്മൽ ബോയ്സ്-കുടികാര പൊറുക്കികളിൻ കൂത്താട്ടം’ (മഞ്ഞുമ്മൽ ബോയ്സ്- കുടിച്ചുകൂത്താടുന്ന തെണ്ടികൾ) എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ബ്ലോഗിലൂടെയാണ് ജയമോഹൻ സിനിമയെയും മലയാളികളുടെ സംസ്കാരത്തെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.