ആഗ്രഹിച്ചത് സിനിമാക്കാരനാകാന്‍; ജീവിതം തന്നെ സിനിമയായി

ഒരു എട്ടാം ക്ലാസ്സുകാരന്‍ എഴുതിയ നിരൂപണമാണ് അതെന്നു അവരും അന്നറിഞ്ഞു കാണില്ല.

author-image
Athul Sanil
New Update
venu
Listen to this article
0.75x 1x 1.5x
00:00 / 00:00

എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. വിദ്യാര്‍ത്ഥിയായ വേണു 'ഉമ്മ' എന്ന സിനിമ കണ്ടു. ഉടന്‍ ഒരു നിരൂപണമെഴുതി ചന്ദ്രിക വാരികയ്ക്ക് അയച്ചു. അടുത്ത ആഴ്ചയില്‍ അത് അച്ചടിച്ചുവരുകയും ചെയ്തു. പ്രതിഫലമായി ആറു രൂപയും കിട്ടി. ഒരു എട്ടാം ക്ലാസ്സുകാരന്‍ എഴുതിയ നിരൂപണമാണ് അതെന്നു അവരും അന്നറിഞ്ഞു കാണില്ല. 

ചലച്ചിത്ര നിരൂപകനായിട്ടാണ് ചെലവൂര്‍ വേണു സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. ചലച്ചിത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്ന ചെലവൂര്‍ വേണു ഈ ലോകത്തോട് യാത്ര പറഞ്ഞു മടങ്ങുമ്പോള്‍ മലയാള സിനിമയ്ക്ക് ഒരു തീരാ നഷ്ടം തന്നെയാണ്.

ലോക സിനിമയെ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ ചെലവൂര്‍ വേണുവിന്റെ ആഗ്രഹം ഒരു സിനിമാക്കാരനാകണം എന്നായിരുന്നു. മദ്രാസില്‍ ചെന്ന് അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. രാമു കാര്യാട്ട് സിനിമകളുടെ ആരാധകനായിരുന്നു വേണു. പിന്നീട് സത്യജിത് റേയുടെ ജീവിത കഥകള്‍ അറിഞ്ഞ ശേഷം സിനിമയെടുക്കാന്‍ മദ്രാസിലൊന്നും പോകണ്ട കാര്യമില്ല എന്ന് മനസിലാക്കി. ഒരു പ്രസിദ്ധീകരമൊക്കെ നടത്തി കാശുണ്ടാക്കി സിനിമ പിടിക്കാം എന്ന തീരുമാനത്തില്‍ മദ്രാസില്‍ നിന്നും തിരിച്ചുവരുന്നു.

പിന്നീട് ഫിലിം ഫെസ്റ്റിവല്ലുകള്‍ക്കു നേതൃത്വം നല്‍കി ജീവിതം മുന്നോട്ട് പോയപ്പോള്‍ സിനിമയെടുക്കണം എന്ന ആഗ്രഹവും  കുറഞ്ഞു. സിനിമാപ്രവര്‍ത്തകരെ സഹായിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോയി. സുഹൃത്തായിരുന്ന ചിന്ത രവി അദ്ദേഹത്തിന് വേണ്ടി തിരക്കഥ എഴുതി നല്‍കിയെങ്കിലും പിന്നീട് രവി തന്നെ അത് സംവിധനം ചെയ്തു.

1971 മുതല്‍ കോഴിക്കോട്ടെ 'അശ്വിനി ഫിലിം സൊസൈറ്റി'യുടെ ജനറല്‍ സെക്രട്ടറിയാണ്. ഒരുപക്ഷേ ഒരു ഫിലിം സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായി ഇത്രയും നാള്‍  പ്രവര്‍ത്തിച്ച മറ്റൊരാള്‍ ഇന്ത്യയിലുണ്ടാവില്ല. കൂടാതെ സൈക്കോ എന്ന മനശ്ശാസ്ത്ര മാസികയുടെ പത്രാധിപരും ആയിരുന്നു.

അക്ഷരങ്ങളെ എന്നും കൂടെകുട്ടിയ അദ്ദേഹം മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ തുടങ്ങിയ കൃതികളും  പ്രസിദ്ധീകരിച്ചു. അനശ്വര സംവിധായകനായ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പത്രപ്രവര്‍ത്തകനും സിനിമ നിരൂപകരുമായ പ്രേംചന്ദ് സംവിധാനം ചെയ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

മലയാള സിനിമയ്ക്ക് അദ്ദേഹം ചെയ്ത കാര്യങ്ങള്‍ എന്നും ഓര്‍മ്മിക്കും. സിനിമയെ ഇത്ര ആഴത്തില്‍ വീക്ഷിച്ച വ്യക്തികള്‍ വളരെ കുറവായിരിക്കും. ജീവിതം മുഴുവന്‍ സിനിമയ്ക്ക് വേണ്ടി മാറ്റിവച്ചൊരു വ്യക്തി ഈ ലോകത്തോട് യാത്ര പറഞ്ഞു പോകുമ്പോള്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് അതെന്നും ഒരു തീരാ വേദന തന്നെയായി നിലനില്‍ക്കും.

malayalam cinema chelavoor venu