തിരുവനന്തപുരം: മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തേടിയെത്തിയതിന്റെ ആഹ്ലാദം പങ്കിടുകയാണ് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ 'പതിരാണെന്നോർത്തൊരു കനവിൽ' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹത്തെ തേടി പുരസ്കാരം ലഭിച്ചത്.
ഏത് പാട്ടിനാണ് അവാര്‍ഡ് ലഭിച്ചതെന്ന് അറിയില്ലെന്നായിരുന്നു പുരസ്കാരവാർത്തയോട് വിദ്യാധരൻ മാസ്റ്റർ പ്രതികരിച്ചത്. നിരവധി പാട്ടുകള്‍ക്ക് സംഗീതം നല്‍കുകയും പാടുകയും ചെയ്യുന്നുണ്ട്. പാട്ട് കഴിഞ്ഞാല്‍ പിന്നെ ആ കാര്യം വിടുമെന്നും അദ്ദേഹം അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചു.
'മകള്‍ വിളിച്ചുപറഞ്ഞപ്പോഴാണ് അവാര്‍ഡ് വിവരം അറിയുന്നത്. വളരെ സന്തോഷമുണ്ടെന്നും കുറേ നാളായിട്ടുള്ള ആഗ്രഹം ഇപ്പോഴെങ്കിലും സാധിച്ചു. ഏത് സിനിമയാണെന്നും അറിയില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. പാട്ടുകാരന്നാവാൻ ആഗ്രഹിച്ച ആളല്ല. വ്യത്യസ്തമായി തന്റേതായ രീതിയില്‍ പാട്ടുണ്ടാക്കുകയാണ് ചെയ്യുന്നത്. തന്റെ പാട്ടുകള്‍ തന്റേത് മാത്രമായിരിക്കുമെന്നും' അദ്ദേഹം പറഞ്ഞു.