കൊച്ചി: വഴക്ക് സിനിമയുമായി ബന്ധപ്പെട്ട തർക്കത്തിൽ സംവിധായകൻ സനൽകുമാർ ശശിധരന് തിരിച്ചടി. സംവിധായകൻ ഓൺലൈനിൽ പങ്കുവച്ച സിനിമയുടെ വിമിയോ ലിങ്ക് കോപ്പിറൈറ്റ് ലംഘനത്തെ തുടർന്ന് നീക്കം ചെയ്തു. ചിത്രത്തിന്റെ നിർമാണ കമ്പനിയായ പാരറ്റ് മൗണ്ട് പിക്ചേഴ്സിന്റെ പരാതിയെ തുടർന്നാണ് നീക്കം ചെയ്തത്.
ടൊവിനോ തോമസിനെ നായകനാക്കി സനൽകുമാർ ശശിധരൻ 2022ലാണ് വഴക്ക് സംവിധാനം ചെയ്യുന്നത്. എന്നാൽ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നില്ല. പകരം ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു. സിനിമയുടെ തിയറ്റർ, ഒ.ടി.ടി റിലീസുകളോട് ടൊവിനോ തോമസ് വിമുഖത പ്രകടിപ്പിക്കുന്നു എന്നായിരുന്നു സംവിധായകൻ അടുത്തിടെ ഉയർത്തിയ ആരോപണം.
തുടർന്ന് പ്രതികരണവുമായി ടൊവിനോയും രംഗത്ത് എത്തിയിരുന്നു. സിനിമ അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോകുമെന്നത് കൊണ്ടാണ്
തിയറ്റർ, ഒ.ടി.ടി റിലീസിനോട് വിമുഖത കാണിച്ചതെന്നും നടൻ വ്യക്തമാക്കി. വഴക്കിന്റെ സഹനിർമാതാവ് എന്ന നിലയിൽ 27 ലക്ഷം രൂപയോളം മുടക്കിയെന്നും ഒരു രൂപ പോലും പ്രതിഫലം കിട്ടാത്ത സിനിമയുമാണ് അതെന്നും ടൊവിനോ കൂട്ടിചേർത്തു.
എന്നാൽ ടൊവിനോയുടെ പ്രതികരണത്തിന് മറുപടിയുമായി സനൽകുമാർ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ട ‘വഴക്ക്’ സിനിമയുടെ വിമിയോ ലിങ്ക് കോപ്പിറൈറ്റ് ലംഘനത്തെ തുടർന്ന് നീക്കം ചെയ്തു. സിനിമ ജനങ്ങളിൽ എത്തുന്നത് തടസപ്പെടുത്തുന്നു എന്ന തന്റെ ആരോപണത്തിന് ഒരു തെളിവുകൂടിയാണിതെന്നും സനൽകുമാർ പറഞു. മൂന്നു വർഷങ്ങൾക്ക് മുൻപ് പൂർത്തിയായ സിനിമ ഇതുവരെയും പുറത്തുവരാത്തതിന്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഞാൻ പോസ്റ്റിട്ടപ്പോൾ അസത്യങ്ങൾ നിറഞ്ഞ മറുപടിയുമായി ടൊവിനോയും ഒപ്പം ഗിരീഷ് നായരും രംഗത്തുവന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
കനി കുസൃതി, സുദേവ് നായർ, അസീസ് നെടുമങ്ങാട്, ബൈജു നെറ്റോ, തന്മയ സോൾ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. സനൽ കുമാർ ശശിധരനാണ് ചിത്രത്തിൻറെ തിരക്കഥ. പ്രമേയം കൊണ്ട് ശ്രദ്ധനേടിയ ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു.