ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ ഉര്‍വശിയും പാര്‍വതിയും പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'ഉള്ളൊഴുക്ക്'. ഈ മാസം 21ന് റിലീസായ ചിത്രം മികച്ച പ്രേക്ഷക-നിരൂപ പ്രശംസയാണ് നേടുന്നത്. ഉർവശിയും പാർവതിയും ഗംഭീര പ്രകടനമാണ് ചിത്രത്തിലുടനീളം കാഴ്ചവയ്ക്കുന്നത്.
ഉള്ളൊഴുക്കിനെ പ്രശംസിച്ച്, കേരളത്തിന്റെ ഉന്നതവിദ്യാഭ്യസവകുപ്പ് മന്ത്രി ആർ.ബിന്ദു പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം മന്ത്രി പങ്കുവച്ചത്. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെയും അഭിനേതാക്കളുടെ പ്രകടനത്തെയും എടുത്ത് പറഞ്ഞാണ് മന്ത്രി കുറിപ്പ് പങ്കുവച്ചത്.
"മുഖ്യമായും സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു നിൽക്കുന്ന സിനിമ എന്ന് കേട്ടതിനാലും, പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണ്ടു പേരും മികച്ച അഭിനേതാക്കളെന്ന നിലയിൽ സ്നേഹാദരങ്ങളോടെ കാണുന്നവർ ആയതിനാലും, റിലീസ് ചെയ്ത ദിവസം തന്നെ 'ഉള്ളൊഴുക്ക്' കാണാൻ പോയി. പ്രമേയപരമായ പുതുമയും കയ്യടക്കത്തോടെയുള്ള പരിചരണവും അഭിനന്ദനീയമാണ്.
'കുടുംബം' എന്ന സ്ഥാപനത്തിന്റേയും അതിന്റെ ‘അന്തസ്സ്, അഭിമാനം' തുടങ്ങിയ മിഥ്യാധാരണകളുടെയും പൊള്ളത്തരം തുറന്നുകാണിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്. നുണകളുടെ കരിങ്കല്ലുകൾ കൊണ്ടാണ് കുടുംബം എന്ന സ്ഥാപനത്തിന്റെ അസ്ഥിവാരം കെട്ടിയിരിക്കുന്നത് എന്ന് നെഞ്ച് പൊള്ളിക്കുന്നുണ്ട് ഈ സിനിമ. മറ്റുള്ളവരുടെ മുൻപിൽ കെട്ടുകാഴ്ച്ചക്കായി വെക്കേണ്ട പണ്ടമായി ജീവിതം നിസ്സഹായമാവുന്നത് കൃത്യമായി പറയുന്നുണ്ട്, ചിത്രം.
മിഥ്യാഭിമാനങ്ങളുടെ കുമിളകൾ പൊട്ടിയ്ക്കുമ്പോൾ നുണകൾക്ക് പിന്നിൽ ഒളിപ്പിക്കപ്പെട്ട നേരുകളുടെ ഉള്ളൊഴുക്കുകൾ വെളിപ്പെടുന്നു. ഉൾക്കലക്കങ്ങൾ പുതിയ പ്രയാണങ്ങൾക്കുള്ള ഊർജ്ജം പകരുകയാണ് വേണ്ടത്. പക്ഷേ, അവസാനഭാഗം വീണ്ടും സാംപ്രദായികതയുടെ പരിമിതവൃത്തത്തിലേക്കുള്ള തിരിച്ചു പോക്കായോ എന്ന് സംശയം തോന്നായ്കയില്ല. നൈസ്സർഗികമായ അഭിനയ ചാതുരി കൊണ്ട് വിസ്മയിപ്പിക്കുന്ന രണ്ടു നടിമാർ മത്സരിച്ചഭിനയിക്കുന്ന ഈ സിനിമ എല്ലാവരും കാണണേ. ഈ ലോകം പെണ്ണുങ്ങളുടേതു കൂടിയാണല്ലോ," മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
ഉള്ളൊഴുക്കിൽ ഉർവശിയും പാർവതിയും ശക്തമായ കഥാപാത്രങ്ങളായാണ് എത്തുന്നത്. 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്ക് ശേഷം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്
2018ല്‍ ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന 'സിനിസ്ഥാന്‍ ഇന്ത്യ' തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോൾ സിനിമയാകുന്നത്.