പ്രേക്ഷകരുടെ ധൈര്യത്തിലാണ് താൻ നിൽക്കുന്നതെന്ന് നടൻ മമ്മൂട്ടി. 42 കൊല്ലമായി പ്രേക്ഷകർ കൂടെയുണ്ടെന്നും ഇനി വിടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരത്തിൻറെ പുതിയ ചിത്രമായ ടർബോയുടെ പ്രമോഷൻറെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് ഈ പരാമർശം. ‘‘ഇവരുടെ ധൈര്യത്തിലാ നമ്മൾ നിൽക്കുന്നത്. 42 കൊല്ലമായി പ്രേക്ഷകർ വിട്ടിട്ടില്ല, ഇനി വിടത്തില്ല’’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. കാലങ്ങളായുള്ള അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ മലയാളികൾക്ക് സമ്മാനിച്ചത് ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ്. ഇന്നും മമ്മൂട്ടി തന്റെ ഓരോ ചുവടുകളും വയ്ക്കുന്നത് പുതുമകൾക്ക് പുറമെ ആണ്. താരത്തിന്റേതായി ഇനി വരാനിരിക്കുന്ന സിനിമയാണ് ടർബോ. വൈശാഖിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്.
ചിത്രത്തിൽ രണ്ട് ആളുകളുടെ അനുഭവമാണ് പറയുന്നത്. യഥാർഥത്തിൽ നടന്ന ഒരു തട്ടിപ്പിന്റെ കഥയുണ്ട്. ഈ സിനിമയുടെ കഥയുടെ ആധാരം ജോസിനു പറ്റുന്ന ഒരു കയ്യബദ്ധമാണ്. ജോസ് ഒരു മാസ് ഹീറോയല്ല, ജോസ് നിഷ്‌കളങ്കനാണ്. എന്തുകണ്ടാലും ചാടിയിറങ്ങുന്ന ഒരു പാവത്താൻ. ചിത്രത്തിൽ ജോസെന്ന കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്. ജോസ് ഒരു ഡ്രൈവറാണ്. ചില പ്രതിസന്ധികളിൽ ഒരു ശക്തി എവിടുന്നോ വന്നുചേരും. അതുപോലെയാണ് ജോസിനൊരു ശക്തിയുണ്ടാവുന്നത്.
ജോസിന് ജീവിതത്തിൽ നേരിടേണ്ടി വരുന്നത് ഒരു വലിയ അടിയാണ്. അവിടെ പതറിപ്പോകും. ഈ സാഹചര്യത്തിലാണ് ജോസിന് എവിടുന്നോ ഒരു ശക്തി വന്നുചേരുന്നത്. അതിനെ വേണമെങ്കിൽ 'ടർബോ' എന്ന് വിളിക്കാം. ചിത്രത്തെ ഒരു സർവൈവൽ ത്രില്ലറൊന്നൊക്കെ പറയാം. ഈ കഥ സംഭവിക്കുന്നത് തമിഴ്നാട്ടിലാണ്. അതിനാൽ തമിഴ് കഥാപാത്രങ്ങളും ഒരുപാട് വന്നുപോകുന്നുണ്ട്. ഇടിക്കാൻ വേണ്ടിയുള്ള ഇടിയല്ല. ഇടികൊള്ളാതിരിക്കാനുള്ള ഇടിയാണ് സിനിമയിലുള്ളത്.
കഥയുമായി ചേർന്നുപോകുന്ന ചെറിയ തമാശകൾ, കുടുംബ ബന്ധങ്ങൾ, വികാരവിക്ഷോഭങ്ങൾ, ദേഷ്യം, രക്ഷപ്പെടാനുള്ള ശ്രമങ്ങൾ അങ്ങനെ മനുഷ്യ ജീവിതത്തിലെ സ്ഥിരം സംഭവഭങ്ങളാണ് സിനിമയുടെ ബലം. മമ്മൂട്ടി കമ്പനിയുടെ ചെലവേറിയ സിനിമയാണിത്. കുറച്ചൊക്കെ പോയിട്ടും കുറച്ച് കിട്ടിയിട്ടുണ്ട്. എല്ലാകൂടെ ചുരുട്ടി കൂട്ടി ഇതിൽ ഇട്ടിരിക്കുകയാണ്. ഇതിനു മുടക്കിയത് വന്നാൽ, അടുത്തതിനിറങ്ങാം. ഇവരുടെ ധൈര്യത്തിനാണ് നമ്മൾ ഇറങ്ങിയിരിക്കുന്നത്. 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല.