വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ സിനിമയുടെ ക്യാരക്ടർ റിവീലിങ് ടീസർ പുറത്തുവിട്ടു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഇരുവരും ചിത്രത്തിൽ. ഒരു കോമഡി ചിത്രമായിരിക്കുമിതെന്ന സൂചനയും ടീസറിലുണ്ട്. കഷണ്ടി കയറിയ തലയും പിരിച്ചു വച്ച കൊമ്പൻ മീശയുമായി വിനായകനും നരച്ച താടിയും മുടിയുമായി സുരാജ് വെഞ്ഞാറമ്മൂടും പരസ്പരം മുഖം തിരിക്കുന്നതാണ് വിഡിയോ. മധ്യവയസ്ക്കരായ കഥാപാത്രങ്ങളെയാണ് ഇരുവരും സിനിമയിൽ അവതരിപ്പിക്കുന്നത്.
അൻജന ഫിലിപ്പും വി.എ ശ്രീകുമാറും അൻജന തിയറ്റേഴ്സിന്റെയും വാർസ് സ്റ്റുഡിയോസിന്റെയും ബാനറിൽ ചിത്രീകരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന സിനിമ എസ്. ഹരീഷിന്റെ “രാത്രി കാവൽ” എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയത്. എസ് ഹരീഷാണ് ചിത്രത്തിൻ്റെ രചന.
ജയിലറിനു ശേഷം വിനായകൻ അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. ഈ ചിത്രത്തിനു ശേഷം വിക്രമിനൊപ്പമുള്ള സിനിമയിലാണ് സുരാജ് അഭിനയിക്കുന്നത്. മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വിനായകന്റെയും സുരാജിന്റെയും ഗംഭീരമായ പ്രകടനമാണ് ചിത്രത്തിലുള്ളത്. നൂറോളം വരുന്ന കലാകാരന്മാർ വിവിധ വേഷങ്ങളിൽ സിനിമയിലുണ്ട്. ഓണത്തോട് അനുബന്ധിച്ച് സിനിമ തിയേറ്ററുകളിലെത്തുമെന്നും നിർമാതാവ് വി. എ ശ്രീകുമാർ പറഞ്ഞു. ആർ.ഡി.എക്സിലെ ഗാനങ്ങളൊരുക്കിയ സാം സി. എസ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കിയത്.
അൻവർ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാൾ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡി.ഒ.പി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360- തുടങ്ങിയവരാണ് അണിയറയിൽ.
'ഒറ്റ ഷെഡ്യൂളിസാണ് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമിയിലെ ഗാനങ്ങൾ ഉടൻ ആസ്വാദകരിലെത്തുമെന്ന് നിർമാതാവ് അൻജന ഫിലിപ്പ് അറിയിച്ചു.