നിർമ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ വനിതാ നിർമ്മാതാക്കൾ. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ സാഹചര്യത്തിൽ സിനിമാ രംഗത്തെ വനിതാ നിർമ്മാതാക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗം പ്രഹസനമായെന്ന് സംഘടനയിൽ വിമർശനം ഉയർന്നിട്ടുണ്ട്.
നിർമ്മാതാക്കളായ സാന്ദ്ര തോമസും ഷീലു എബ്രഹാമുമാണ് സംഘടനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സംഘടനയുടെ നേതൃത്വം മാറണമെന്ന് ഇരുവരും നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ”ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ സാഹചര്യത്തിൽ സിനിമാ രംഗത്തെ വനിതാ നിർമ്മാതാക്കൾ കടന്നു പോകുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ യോഗം വിളിച്ചിരുന്നു.”
”അതൊരു പ്രഹസനമായിരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഒരു കത്ത് നൽകുകയുണ്ടായി. ഈ കത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ചോദിച്ചപ്പോൾ സംഘടന വ്യക്തമായ ഉത്തരം നൽകിയില്ല. കത്തിലെ ഉള്ളടക്കം എന്തെന്ന് അറിയാൻ അംഗങ്ങൾക്ക് അവകാശമില്ലേ?” എന്നാണ് സാന്ദ്രയും ഷീലുവും കത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്.
അസോസിയേഷൻ സമീപനങ്ങൾ സ്ത്രീ നിർമ്മാതാക്കളെ കളിയാക്കുന്നതിന് തുല്യമാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണെന്നും പുതിയ കമ്മിറ്റിയെ അടിയന്തരമായി തിരഞ്ഞെടുക്കണമന്നും ആവശ്യമുയർന്നിട്ടുണ്ട്.