ഫീൽ ഗുഡ് സിനിമകളുടെ സംവിധായകനെന്ന് പേരെടുത്ത ഒരു സംവിധായാകൻ, അങ്ങനൊരാൾ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രവുമായി വരുമ്പോൾ ഇതൊക്കെ വല്ലോം നടക്കുമോ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് തലവൻ എന്ന സിനിമ. ആദ്യവസാനം വരെ കാണുന്ന പ്രേക്ഷകനെ സിനിമയിൽ നിന്നും തെന്നിമാറാതെ പിടിച്ചിരുത്തുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള പണിയല്ല. ജിസ് ജോയ് എന്ന സംവിധായകൻ അതിൽ വിജയിച്ചു എന്ന് തന്നെ പറയാം. ഒരു ത്രില്ലെർ സിനിമയ്ക്ക് വേണ്ട ചേരുവകൾ എല്ലാം തന്നെ ചിത്രത്തിനുണ്ട്.
അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ പോസിറ്റീവുകളിലൊന്ന്.
അതിൽ ബിജു മേനോൻ ആസിഫലി കോമ്പോയാണ് എടുത്തു പറയേണ്ടത്. അവർക്ക് കിട്ടിയ കഥാപാത്രം നല്ല വെടിപ്പായി ചെയ്തു എന്ന് പറയാം. തുടക്കം മുതൽ അവസാനം വരെ കിട്ടിയ കഥാപാത്രങ്ങളിൽ ജീവിക്കുവായിരുന്നു എന്ന് തോന്നിപ്പോകും. ഇരുവരുടെയും സമീപ കാല വേഷങ്ങളിൽ മികച്ചത് എന്ന് പറയാൻ സാധിക്കും. കോട്ടയം നസീർ, ദിലീഷ് പോത്തൻ, അനുശ്രീ തുടങ്ങിയവരും മനോഹരമായി തന്നെ തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.
ആനന്ദ് തേവർക്കാട്, ശരത് പെരുമ്പാവൂർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആദ്യ പകുതി മെല്ലെ മെല്ലെ കഥയിലേക്ക് വന്ന് രണ്ടാം പകുതിയിൽ ഒരു പിടിയും തരാതെ നമ്മളുടെ നിരീക്ഷണങ്ങളെയെല്ലാം കാറ്റിൽ പറത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചില ചില സന്ദർഭങ്ങളിൽ ഒരു ലോജിക് ഇല്ലായ്മ കാണാൻ സാധിക്കും. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ എന്നത്കൊണ്ട് തന്നെ അതിനിവിടെ വല്യ പ്രസക്തിയുണ്ട്. തിരക്കഥയുടെ ഒഴുക്കാണ് ചിത്രത്തിലേക്ക് ഇത്രയേറെ പിടിച്ചിരുത്തുന്നതും എന്ന് പറയാം.
ദീപക് ദേവിന്റെ സംഗീതവും എടുത്തു പറയണ്ട ഒന്ന് തന്നെയാണ്. കഥാ പരിസരതിനനുയോജ്യമായി അദ്ദേഹം അത് വൃത്തിയായി തന്നെ ചെയ്തിട്ടുണ്ട്. ഒരു ഇൻവെസ്റ്റികേഷൻ ത്രില്ലെർ ചിത്രത്തിന് പശ്ചാത്തല സംഗീതത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്നു നമ്മുക്കറിയാവുന്ന കാര്യമാണ്. അതറിഞ്ഞു ഇവിടെ അദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട് എന്ന് തന്നെ പറയാം.
ദിലീഷ് പോത്തന്റെ നരേഷനിലാണ് ചിത്രം മുന്നോട്ടു പോകുന്നത്. 2019 നടന്ന ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളൊക്കെ പറഞ്ഞു കഥ പുരോഗമിക്കുമ്പോൾ, പോലീസ് ഓഫീസുകളിലെ സ്ഥാനക്കയറ്റങ്ങൾ അവരെ എങ്ങനെയെല്ലാം ബാധിക്കുന്നു, തുടങ്ങിയ കാര്യങ്ങളെല്ലാം ചിത്രം പറഞ്ഞു പോകുന്നുണ്ട്. ഒട്ടും പിടിതരാത്ത തിരക്കഥയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. അതിനൊപ്പം ജിസ് ജോയ് എന്ന ഫിലിം മേക്കറൂകൂടെ ചേർന്നപ്പോൾ മറ്റൊരു മനോഹര ത്രില്ലെർ കൂടെ മലയാളത്തിൽ സംഭവിച്ചു. ഒരു പക്ഷെ ജിസ് ജോയ് എന്ന സംവിധായാകന്റെ മധുര പ്രധികാരമായി തലവനെ കാണാം. നന്മമരം, നന്മ പാസം തുടങ്ങി ഫീൽഗുഡ് മാത്രേ അദ്ദേഹത്തെക്കൊണ്ട് പറ്റു എന്ന് പറഞ്ഞവർക്കുള്ള ഒരു മറുപടികൂടെയാണ് തലവൻ. തിയേറ്ററിൽ തന്നെ കണ്ടാസ്വധിക്കണ്ട ഒരു ചിത്രം തന്നെയാണ് തലവൻ.