ഹൈദരാബാദ്: ബോളിവുഡ് നടിയും ലോക്സഭ ബിജെപി എംപിയുമായ കങ്കണ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘എമർജൻസി’.പ്രഖ്യാപനം മുതൽ തന്നെ ഒട്ടേറെ ജനശ്രദ്ധ ആകർഷിച്ച ചിത്രം കൂടിയാണിത്.കങ്കണ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിട്ടാണ് ചിത്രത്തിൽ കങ്കണ വേഷമിട്ടിരിക്കുന്നത്.ഇപ്പോഴിതാ റിലീസിന് തയ്യാറെടുക്കുന്നതിനിടെ ചിത്രത്തിന് തെലങ്കാന സർക്കാർ നിരോധനമേർപ്പെടുത്തിയേക്കുമെന്ന വാർത്തയാണ് പുറത്തുവരുന്നത്.
സിനിമയിൽ ചരിത്രസംഭവങ്ങൾ തെറ്റായി ചിത്രീകരിക്കുന്നുവെന്നും അതുവഴി സിഖ് സമുദായത്തിൻ്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) ഹർജി നൽകിയിരുന്നു. പതിമൂന്ന് ദിവസങ്ങൾക്ക് മുൻപ് പുറത്തുവിട്ട എമർജൻസിയുടെ ട്രെയിലറാണ് ഇതിന് കാരണം. സിനിമയിലെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടതായി ഒടിടി പ്ലെ റിപ്പോർട്ട് ചെയ്യുന്നു.ഇതിന് പിന്നാലെയാണ് ചിത്രം നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നത്.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് സിനിമ നിരോധിക്കുന്നത് പരിഗണിക്കുമെന്ന് സിഖ് സമുദായത്തിന് ഉറപ്പ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് നിയവിദഗ്ധരുമായുള്ള കൂടിക്കാഴ്ച പുരോഗമിക്കുകയാണെന്ന് സംസ്ഥാന സർക്കാറിന്റെ ഉപദേഷ്ടാവ് മുഹമ്മദ് അലി ഷാബിർ പറഞ്ഞു.ഐ.പി.എസ് ഓഫീസർ തേജ്ദീപ് കൗർ മേനോന്റെ നേതൃത്വത്തിലുള്ള തെലങ്കാന സിഖ് സൊസൈറ്റി അംഗങ്ങൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഈ ആവശ്യം ഉന്നയിച്ചുവെന്നാണ് വിവരം. 18 അംഗ സംഘമാണ് പരാതി ഉന്നയിച്ചത്.
സിഖുകാരെ ഭീകരരും ദേശവിരുദ്ധരുമായാണ് ചിത്രീകരിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു. അതിനാൽ സിനിമ നിരോധിക്കുന്നത് പരിഗണിക്കണമെന്ന ആവശ്യമാണ് മുഖ്യമന്ത്രിക്ക് മുമ്പാകെ ഇവർ ഉന്നയിച്ചത്.സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, മലയാളി താരം വിശാഖ് നായർ, അന്തരിച്ച നടൻ സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ സംഗീതം സഞ്ചിത് ബൽഹാരയാണ്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എമർജൻസിയുടെ റിലീസ് മാറ്റിവെച്ചിരുന്നു.