മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അടുത്ത സിനിമയിൽ നായകൻ സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് തന്റെ പുതിയ സിനിമകളെ കുറിച്ച് സുരേഷ് ഗോപി സംസാരിച്ചത്. തൃശൂരിലേത് ദൈവികമായ വിധിയെന്ന് പറഞ്ഞ സുരേഷ് ഗോപി കമ്മിറ്റ് ചെയ്ത സിനിമകൾ പൂർത്തിയാക്കുമെന്നും അറിയിച്ചു.
തന്നെ ഏറ്റവും അധികം കോരിത്തരിപ്പിക്കുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ്. അത് ഓഗസ്റ്റിൽ ചെയ്യണമെന്ന് പത്ത് ദിവസം മുമ്പെ വിളിച്ച് പറഞ്ഞിരുന്നു. ഒറ്റക്കൊമ്പൻ സിനിമ ചെയ്യുമെന്നും ഗോകുലം മൂവിസിന്റേത് അടക്കം നിരവധി സിനിമകൾ ചാർട്ടിലാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം, കേരളത്തിൽ വീണ്ടും അക്കൗണ്ട് തുറന്നിരിക്കുകയാണ് ബിജെപി. ”തൃശൂർ ഞാനെടുത്തതല്ല. തൃശൂർകാർ എനിക്ക് സ്നേഹപൂർവം തന്നതാണ്. ഞാനത് എന്റെ ഹൃദയത്തിലേക്ക് ചേർക്കുന്നു. ഇനി ഞാനത് എന്റെ തലയിൽ വച്ച് കൊണ്ട് നടക്കും. പൊന്നു പോലെ സംരക്ഷിക്കും” എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.