ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ ഒരുങ്ങുന്നത്. വിദേശത്തെ ചിത്രീകരണത്തിന് ശേഷം എമ്പുരാന്റെ പുതിയ ഷെഡ്യൂൾ തിരുവനന്തപുരത്താണ്.
കടുത്ത നിയന്ത്രണങ്ങളാണ് ഷൂട്ടിങ് ലൊക്കേഷനിൽ ഉള്ളതെങ്കിലും അണിയറ പ്രവർത്തകരെ ഞെട്ടിച്ചു കൊണ്ട് ലൊക്കേഷനിൽ നിന്നുള്ള രണ്ട് വീഡിയോകൾ കഴിഞ്ഞ ദിവസം ലീക്കായിരുന്നു. നൂറ് കണക്കിന് ജൂനിയർ ആർടിസ്റ്റുകളെ അണിനിരത്തി ഒരുക്കുന്ന സീനുകളിൽ സംവിധായകൻ പൃഥ്വിരാജ് നിർദേശം നൽകുന്ന ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. ദൃശ്യത്തിൽ മഞ്ജുവാര്യരും ഉണ്ട്.
എൻ ഐ എ ഓഫീസിന്റെ മുകളിൽ നിൽക്കുന്ന മഞ്ജുവിനെയും താഴെ കൊടിപിടിച്ചിരിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകളെയും കാണാം. ലൂസിഫറിൽ നിന്ന് എമ്പുരാനിൽ എത്തുമ്പോൾ നിരവധി പുതിയ താരങ്ങളും ചിത്രത്തിനൊപ്പം ചേരുന്നുണ്ട്.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് പുതിയ ഭാഗത്തിൽ അഭിനയിക്കുന്നത്. സുരാജിന്റെ ഒരു ദൃശ്യമാണ് ലീക്കായ രണ്ടാമത്തെ ദൃശ്യം. 'അഖണ്ഡ ശക്തി മോർച്ച പൈതൃക സംരക്ഷണ സമ്മേളന'ത്തിൽ സംസാരിക്കുന്ന സുരാജാണ് ദൃശ്യത്തിൽ കാണാൻ സാധിക്കുന്നത്. സീനിന് നിർദേശം നൽകുന്ന പൃഥ്വിരാജിനെയും ദൃശ്യത്തിൽ കാണാം.
തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ, മണ്ണാമ്മൂല കൺകോഡിയ സ്‌കൂൾ എന്നിവടങ്ങളിലാണ് എമ്പുരാന്റെ ചിത്രീകരണം നടക്കുന്നത്. മേയ് 21 നാണ് തിരുവന്തപുരത്തെ ആദ്യത്തെ ഷെഡ്യൂൾ അവസാനിക്കുക. തിരുവനന്തപുരത്ത് ഒരു ഷെഡ്യൂൾ കൂടി ബാക്കിയുണ്ട്. കൊച്ചിയിലാണ് ചിത്രത്തിന്റെ അടുത്ത ഷെ്ഡ്യൂൾ. പിന്നീട് ഗുജറാത്തിലും ചിത്രീകരണമുണ്ടാകും.
ഒക്ടോബർ 5 നാണ് എമ്പുരാൻ ചിത്രീകരണം ആരംഭിച്ചത്. പൊന്നിയിൽ സെൽവൻ, ഇന്ത്യൻ 2 തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമിച്ച ലൈക്ക പ്രൊഡക്ഷൻസിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ഒരേസമയം റിലീസ് ചെയ്യും. മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്റോയി, സായ്കുമാർ, നന്ദു തുടങ്ങിയവരും രണ്ടാം ഭാഗത്തിലുണ്ട്.