ആടുജീവിതം നോവൽ സിനിമയായപ്പോൾ കൊച്ചുകുട്ടികളിലേക്കു പോലും ആടുജീവിതത്തിന് എത്താൻ സാധിച്ചിരുന്നു. ഇപ്പോൾ ആടുജീവിതത്തിന്റെ കഥ പത്ത് വരിയിൽ എഴുതിയ പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാണ്. കോഴിക്കോട് വടകര മന്തരത്തൂർ എം എൽ പി സ്‌കൂൾ വിദ്യാർത്ഥിനി നന്മ തേജസ്വിനിയാണ് നോട്ടുബുക്കിൽ ആടുജീവിതം സിനിമയുടെ കഥ എഴുതിയത്.
നോട്ടുബുക്കിന്റെ പേജിന്റെ ചിത്രം എഴുത്തുകാരൻ ബെന്യാമിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 'ഇത്രേ ഒള്ളൂ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം എഴുത്തുകാരൻ പങ്കുവെച്ചത്.
''ഒരു ദിവസം നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, ഒരുനാള് നജീബ് ദുബായിൽ പോയി, അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു. കുറെ വർഷങ്ങൾ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള് വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്‌മാനെ... പെരിയോനേ റഹീം...''എന്നാണ് നന്മ തേജസ്വിനി നോട്ടുബുക്കിൽ എഴുതിയത്.
വെക്കേഷൻ സമയത്ത് കണ്ട സിനിമയെക്കുറിച്ച് മന്തരത്തൂർ എം എൽ പി സ്‌കൂൾ അധ്യാപകനായ ശ്രീജിത്ത് ചാലിൽ സ്കൂൾ തുറന്നശേഷം കുട്ടികളോട് പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് നന്മ ആടുജീവിതം 10 വരിയിൽ കുറിച്ചത്. കുറിപ്പ് ശ്രീജിത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതുകണ്ടാണ് ബെന്യാമിൻ സ്വന്തം പേജിൽ ഷെയർ ചെയ്തത്. സുനിൽ- ആശാലത ദമ്പതികളുടെ മകളാണ് നന്മ തേജസ്വിനി.