ചെന്നൈ: സൂരിയെയും അന്ന ബെന്നിനെയും പ്രധാന കഥാപാത്രങ്ങളാക്കി പി എസ് വിനോദ്‌രാജ് സംവിധാനം ചെയ്ത ചിത്രം കോട്ടുക്കാളിയുടെ ട്രെയിലർ പുറത്തിറക്കി.74-ാമത് ബെർലിൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്‌ത ചിത്രം ട്രാൻസ്‌സിൽവാനിയ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിരുന്നു.ഓഗസ്റ്റ് 23 ന് ചിത്രം തീയറ്റർ റിലീസിന് എത്തുമെന്നാണ് വിവരം.
ഒരു കോഴി കുറുകുന്ന ശബ്ദമാണ് ട്രെയിലർ മൊത്തത്തിലുള്ളത്. പ്രേത ബാധ ഒഴിപ്പിക്കാൻ രണ്ട് കുടുംബങ്ങൾ അന്ന ബെന്നിൻറെ കഥാപാത്രത്തെ ഒരു മലയിലേക്ക് കൊണ്ടു പോകുന്നതും അനുബന്ധ സംഭവങ്ങളുമാണ് ട്രെയിലറിൽ. സ്ത്രീവിരുദ്ധത, അന്ധവിശ്വാസങ്ങൾ, സങ്കീർണ്ണമായ മനുഷ്യവികാരങ്ങൾ എന്നിവയെല്ലാ ഇഴചേർന്ന ഒരു ഡ്രാമയാണ് ചിത്രം എന്നാണ് റിപ്പോർട്ട്.
ചിത്രത്തിൻറെ സിനോപ്സിൽ പറയുന്നത് ഇതാണ്, രണ്ട് കുടുംബങ്ങൾ ചേർന്ന് മീന, പാണ്ടി എന്നിവരുടെ വിവാഹം നിശ്ചയിക്കുന്നു. എന്നാൽ താഴ്ന്ന ജാതിയിൽപ്പെട്ട ഒരാളെ മീന പ്രണയിക്കുന്നുണ്ടായിരുന്നു. എന്നാൽ കുടുംബം ഇത് സമ്മതിക്കാത്തതോടെ മീന വിഷാദത്തിലേക്കും മൗനത്തിലേക്കും വീഴുന്നു. എന്നാൽ ഇതെല്ലാം എന്തോ പ്രേത ബാധയാണെന്നാണ് കുടുംബം കരുതുന്നത്. പിന്നീട് ഇതിന് പിന്നാലെയാണ് അവരെല്ലാം.
തമിഴ് താരം ശിവകാർത്തികേയനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 2021 ൽ റൊട്ടൻഹാം ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ടൈഗർ അവാർഡ് നേടിയ കൂഴങ്ങൾ എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകനാണ് പി എസ് വിനോദ്‌രാജ്. ഈ ചിത്രമായിരുന്നു 2021ലെ ഇന്ത്യയുടെ ഔദ്യോഗിക ഒസ്കാർ എൻട്രി. നയൻതാരയും വിഘ്നേശ് ശിവനും ആയിരുന്നു ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ. കോട്ടുക്കാളിയിൽ ബി ശക്തിവേൽ ഛായാഗ്രഹണവും ഗണേഷ് ശിവ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.