ആസിഫിനും ടൊവിനോയ്ക്കും പെപ്പെയ്ക്കുമെതിരെ ശീലു ഏബ്രഹാം; പവർ ഗ്രൂപ്പുകൾ

പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ ...‘പവർ ഗ്രൂപ്പുകൾ’ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി.

author-image
Anagha Rajeev
New Update
sheelu against peppe tovino asif
Listen to this article
0.75x 1x 1.5x
00:00 / 00:00

ടൊവിനോ തോമസിനും ആസിഫ് അലിക്കും ആന്റണി വർഗീസിനുമെതിരെ നടിയും നിർമാതാവുമായ ശീലു ഏബ്രഹാം. ആസിഫും ടൊവിനോയും ആന്റണിയും തങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന മൂന്ന് സിനിമകൾ മാത്രം ഒന്നിച്ചെത്തി പ്രമോട്ട് ചെയ്തപ്പോൾ ചില സിനിമകളെ ഇവർ മനഃപൂർവം തഴഞ്ഞുവെന്ന് ശീലു പറഞ്ഞു. സിനിമയിലെ ‘പവർ ഗ്രൂപ്പു’കൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ പ്രവൃത്തിയെന്നും ശീലു വ്യക്തമാക്കി.

‘പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ ...‘പവർ ഗ്രൂപ്പുകൾ’ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വിഡിയോയിൽ, നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണയാണ് പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്. എന്നാൽ ഞങ്ങളുടെ ‘ബാഡ് ബോയ്സും’ പിന്നെ ‘കമ്മാട്ടിക്കളി’യും, ഗ്യാങ്സ് ഓഫ്‌ സുകുമാരക്കുറുപ്പും’ നിങ്ങൾ നിർദ്ധാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെയാണ് റിലീസ്...സ്വാർഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ, എല്ലാവർക്കും ലാഭവും, മുടക്കുമുതലും തിരിച്ചു കിട്ടട്ടെ.’’

ശീലുവിനെ പിന്തുണച്ച് ബാഡ് ബോയ്‌സിന്റെ സംവിധായകനായ ഒമർ ലുലുവുമെത്തിയിരുന്നു. ‘‘ആസിഫ്, ടൊവിനോ, പെപ്പെ ..നിങ്ങൾ എല്ലാവരും സിനിമയിൽ കഷ്ടപ്പെട്ടു വന്നവരല്ലേ, എല്ലാ സിനിമകൾക്കും ഒരേ കഷ്ടപ്പാടല്ലേ എന്തിനാണ് ഞങ്ങളെ അവഗണിച്ചത്?’’–ശീലുവിന്റെ കുറിപ്പിൽ ഒമർ ലുലുവിന്റെ കമന്റ്.

അജയന്റെ രണ്ടാം മോഷണവും കിഷ്കിന്ധാ കാണ്ഡവുമാണ് ഓണം റിലീസുകളിൽ ആദ്യം തിയറ്ററുകളിലെത്തുന്നത്. ആന്റണി വർഗീസ് നായകനാകുന്ന കൊണ്ടൽ സെപ്റ്റംബർ 13നും എത്തും. ഈ മൂന്ന് സിനിമകളും പ്രേക്ഷകർ പിന്തുണയ്ക്കണമെന്നും ഏറ്റെടുക്കണെന്നും അറിയിച്ച് ചിത്രത്തിലെ നായകരായ ടൊവിനോയും ആസിഫും ആന്റണി വർഗീസും ഒരുമിച്ച് ഒരു വിഡിയോ ചെയ്തിരുന്നു. 

 

Asif ali tovino thomas