ഷെയിൻ നിഗത്തിന്റെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹാൽ'.ഒരു മ്യൂസിക്കൽ പ്രണയചിത്രമായി ഒരുങ്ങുന്ന 'ഹാലി'ന്റെ തിരക്കഥ ഒരുക്കുന്നത് നിഷാദ് കോയ ആണ്.ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കോരിച്ചൊരിയുന്ന മഴയുടെ പശ്ചാത്തലത്തിൽ പോലീസ് ബലമായി വേർപെടുത്തുന്ന രണ്ട് കമിതാക്കളെയാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. 'ഓർഡിനറി', 'മധുര നാരങ്ങ', 'തോപ്പിൽ ജോപ്പൻ', 'ശിക്കാരി ശംഭു' എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് 'ഹാൽ'. പുതുമുഖം സാക്ഷി വൈദ്യ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
'ആദത്', 'വോ ലംഹേ', 'പെഹലീ നസർ മേം', 'തേരാ ഹോനേ ലഗാ ഹൂം' തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യൻ സംഗീത പ്രേമികൾക്കിടയിൽ ശ്രദ്ധേയനായ ആതിഫ് അസ്‌ലം മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'ഹാൽ'. ഏഴ് വർഷത്തിനു ശേഷമാണ് പാക്കിസ്ഥാനി ഗായകനായ ആതിഫ് ഒരു ഇന്ത്യൻ സിനിമയ്ക്കുവേണ്ടി പിന്നണി പാടുന്നത്. പാകിസ്താനി കലാകാർക്ക് സുപ്രീം കോടതി ഏർപ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ഒക്ടോബറിലാണ് പിൻവലിക്കപ്പെട്ടത്.
നവാഗതനായ നന്ദഗോപൻ വി ആണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗാനരചന മൃദുൽ മീറും നീരജ് കുമാറും ചേർന്നാണ്. ജെവിജെ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിന്റെ ക്യാമറ - കാർത്തിക് മുത്തുകുമാർ, കലാസംവിധാനം - പ്രശാന്ത് മാധവ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, മേക്കപ്പ് - അമൽ ചന്ദ്രൻ, കോസ്റ്റ്യൂംസ് - സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായൺ, വിഎഫ്എക്സ് - ഡിടിഎം (ഡിജിറ്റൽ ടർബോ മീഡിയ), ഡിസൈൻസ് - യെല്ലോ ടൂത്ത്, പിആർഒ - ആതിര ദിൽജിത്ത്.