ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ ഷെെൻ ടോം ചാക്കോ. പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ ഒരു വ്യക്തിയെ ചൂണ്ടി പറയുന്നുണ്ടെങ്കിൽ ആ വ്യക്തി തൻ്റെ സുഹൃത്തോ സഹപ്രവർത്തകനോ ആണെങ്കിൽ രണ്ടുപേർക്കൊപ്പവും തനിക്ക് നിൽക്കേണ്ടി വരുമെന്ന് നടൻ പറഞ്ഞു. പുതിയതായി സിനിമയിലേയ്ക്ക് വരുന്ന പെൺകുട്ടിയെ ആരും പിടിച്ചുവെച്ച് ഒന്നും ചെയ്യില്ലെന്നും ഷെെൻ ടോം ചാക്കോ പറഞ്ഞു.
'സ്ത്രീ പീഡിപ്പിക്കപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. ഒരു സ്ത്രീ പറയുമ്പോഴാണല്ലോ പീഡനത്തെക്കുറിച്ച് നമ്മൾ അറിയുന്നത്. അങ്ങനെയൊരു സ്ത്രീ പീഡനത്തിന് ഇരയായി എന്ന് പറയുന്നതിന് മുന്നെ ആ സ്ത്രീയും ആ വ്യക്തിയും തമ്മിൽ ഇടപാടുണ്ടല്ലോ. അപ്പോൾ തന്നെ ആ സ്ത്രീ കരണം നോക്കി കൊടുത്താൽ തീരാവുന്നതല്ലേയുള്ളൂ പ്രശ്നം. പുതിയതായി വരുന്ന പെൺകുട്ടിയെ ആരും ഇവിടെ പിടിച്ചുവെച്ച് ഒന്നും ചെയ്യില്ല.റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കുന്നു. പക്ഷേ അത് ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല. നമ്മുടെ ചുറ്റും നടക്കുന്ന കാര്യങ്ങളാണ്. പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന സ്ത്രീയ്ക്ക് ഒപ്പം നിൽക്കേണ്ടി വരും. പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ ഒരു വ്യക്തിയെ ചൂണ്ടി പറയുന്നുണ്ടെങ്കിൽ ആ വ്യക്തി എൻ്റെ സുഹൃത്തോ സഹപ്രവർത്തകനോ ആണെങ്കിൽ അവനൊപ്പവും എനിക്ക് നിൽക്കേണ്ടി വരും. സഹപ്രവർത്തയ്ക്കും സഹപ്രവർത്തകനും ഒപ്പം നിൽക്കേണ്ടി വരും. ലഹരി ഉപയോഗം നിയമപരമാണ്. സിഗരറ്റും മദ്യവും ലഹരിയിൽ വരും', ഷെെൻ ടോം ചാക്കോ പറഞ്ഞു.
വളരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഹേമാ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. 233 പേജുള്ള റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് എത്തിയത്. ഇതിൽ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. 49–ാം പേജിലെ 96–ാം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തിയിട്ടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല.മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിനു കൈമാറിയത്.