മുംബൈ: ഈ വർഷം പുറത്തിറങ്ങിയ 'പത്താൻ', 'ജവാൻ', ' ഡങ്കി ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.സുജോയ് ഘോഷിൻ്റെ അടുത്ത ആക്ഷൻ ത്രില്ലറിൽ മകൾ സുഹാന ഖാനൊപ്പം താരമെത്തുമെന്നതാണ് അവസാനമായി പുറത്തുവന്ന വാർത്ത.ഇപ്പോഴിതാ താൻ അടുത്തതായി അഭിനയിക്കാൻ പോകുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട് ചില സൂചനകൾ നൽകിയിരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസമാണ് 77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ ഷാരൂഖ് ഖാനെ ലൈഫ് ടൈം അച്ചീവ്‌മെൻറ് അവാർഡായ കരിയർ ലെപ്പാർഡ് നൽകി ആദരിച്ചത്. തുടർന്ന് ലൊകാർനോ ഫിലിം ഫെസ്റ്റിവലിൻറെ ഡയറക്ടറായ ജിയോണ എ നസാരോയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഷാരൂഖ് തൻറെ ഭാവി പ്രൊജക്ടുകൾ സംബന്ധിച്ച വെളിപ്പെടുത്തൽ.തൻറെ അടുത്ത ചിത്രം കിംഗ് ആയിരിക്കുമെന്നും അതിനുള്ള തയ്യാറെടുപ്പും ചലച്ചിത്ര സംവിധായകൻ സുജോയ് ഘോഷുമായുള്ള സഹകരണത്തെക്കുറിച്ചും ഷാരൂഖ് തുറന്നു പറഞ്ഞു.
"എനിക്ക് ചില പ്രത്യേക സിനിമകൾ ചെയ്യാൻ താൽപ്പര്യമുണ്ട്. അത് പ്രായകേന്ദ്രീകൃതമായിരിക്കാം, പക്ഷെ അവയും പരീക്ഷിക്കാൻ ആഗ്രഹമുണ്ട്. 6-7 വർഷമായി, ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയാണ്. ഒരു ദിവസം ഞങ്ങൾ ഇരിക്കുമ്പോൾ ഞാൻ സുജോയിയോട് അത് പറഞ്ഞു. അദ്ദേഹം ഞങ്ങളുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. അവൻ ഞങ്ങൾക്കായി ചില സിനിമകൾ ചെയ്തിട്ടുണ്ട്. സർ എൻറെ കൈയ്യിൽ ഒരു സബ്ജക്ട് ഉണ്ടെന്ന് പറഞ്ഞു" - സുജയ് ഘോഷിൻറെ ചിത്രം ചെയ്യുന്നുണ്ടെന്ന് ഇതോടെ ഷാരൂഖ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്.
ഞാൻ അടുത്തതായി കിംഗ് എന്ന ചിത്രം ചെയ്യുകയാണെന്നും. അതിനായി കുറച്ച് ഭാരം കുറയ്ക്കേണ്ടതുണ്ടെന്നും. അതാണ് താൻ ഒരു ഇടവേള എടുത്തതെന്നും ഷാരൂഖ് പറഞ്ഞു. ഇതോടെ കിംഗ് എന്ന ചിത്രമാണ് ഷാരൂഖിൻറെ അടുത്ത ചിത്രം എന്ന് വെളിപ്പെട്ടിരിക്കുകയാണ്.
ഷാരൂഖിൻ്റെ മകളും നടിയുമായ സുഹാന ഖാനും കിംഗ് എന്ന ചിത്രത്തിൽ അഭിനയിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ പ്രദർശിപ്പിച്ച സോയ അക്തറിൻറെ ദി ആർച്ചീസിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച സുഹാനയുടെ ആദ്യത്തെ ചലച്ചിത്രമായിരിക്കും ഇത്. അഭിഷേക് ബച്ചൻ ഈ ചിത്രത്തിൽ വില്ലനായി എത്തും എന്നാണ് വിവരം.