പ്രധാനമന്ത്രി നരേന്ദ്രമോദിയായി അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയ താരമാണ് സത്യരാജ്. മോദിയെ കുറിച്ചുള്ള സിനിമയിൽ സത്യരാജ് പ്രധാന കഥാപാത്രമാകും എന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ആയിരുന്നു നടൻ നിലപാട് വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ നിലപാട് തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.
മോദിയായി അഭിനയിക്കാൻ തയാറാണ്, എന്നാൽ കണ്ടീഷനുണ്ട് എന്നാണ് സത്യരാജ് പറയുന്നത്. ‘മഴൈ പിടിക്കാത്ത മനിതൻ’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് വേളയിൽ സംസാരിക്കവെയാണ് സത്യരാജ് പ്രതികരിച്ചത്. അന്തരിച്ച തന്റെ സുഹൃത്ത് മണിവർണ്ണൻ സംവിധാനം ചെയ്തിരുന്നെങ്കിൽ അഭിനയിക്കുമായിരുന്നു എന്നാണ് സത്യരാജ് പറയുന്നത്.
പെരിയാർ ഇവി രാമസ്വാമി നായ്കറുടെ ശക്തനായ അനുയായി ആയിരുന്നു മണിവണ്ണൻ. താൻ ഒരു പെരിയാറിസ്റ്റ് ആണ് അതിനാൽ മോദി ചിത്രത്തിൽ അഭിനയിക്കില്ലെന്ന് ആയിരുന്നു നേരത്തെ സത്യരാജ് പറഞ്ഞത്. പെരിയാർ വാദികളുടെ അടയാളമായ കറുപ്പ് ഷർട്ട് അണിഞ്ഞാണ് കഴിഞ്ഞ ദിവസം സത്യരാജ് പരിപാടിയിൽ പങ്കെടുത്തത്.
തന്നെ ആരും മോദിയാവാൻ സമീപിച്ചിട്ടില്ല. ഒരാൾ എങ്ങനെയാണോ അതേ പോലെ പകർത്തുന്ന സുഹൃത്ത് മണിവണ്ണൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരുന്നതെങ്കിൽ ചിലപ്പോൾ അഭിനയിച്ചേനെ. ഒരു പ്രചരണ താൽപര്യവും ഇല്ലാതെ മോദിയുടെ ആത്മകഥയെടുക്കാൻ ‘മഴൈ പിടിക്കാത്ത മനിതൻ’ സംവിധായകൻ വിജയ് മിൽട്ടൻ തയ്യാറാവുകയാണെങ്കിൽ അഭിനയിക്കാം.