ഫഹദ് ഫാസിൽ നായകനായ ആവേശത്തിലെ അമ്പാനെ അത്രപെട്ടെന്ന് ആരും മറക്കാൻ സാധ്യതയില്ല.സിനിമ ഇറങ്ങിയതു മുതൽ അമ്പാൻ സോഷ്യൽ മീഡിയയിൽ അടക്കം നിറഞ്ഞനിൽക്കുകയാണ്.സജിൻ ഗോപുവാണ് അമ്പാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 2015 മുതൽ സിനിമാരംഗത്ത് ഉണ്ടെങ്കിലും ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശമാണ് സജിന് വലിയ ബ്രേക്ക് നേടിക്കൊടുത്തത്.
ഇപ്പോഴിതാ ഒരു ശ്രദ്ധേയ പ്രോജക്റ്റിലൂടെ നായകനായെത്തുകയാണ് അദ്ദേഹം.ആവേശം സംവിധായകൻ ജിത്തു മാധവൻ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീജിത്ത് ബാബുവാണ്. ഫഹദ് ഫാസിലും ജിത്തു മാധവനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനശ്വര രാജനാണ് നായിക. ചിത്രത്തിൻറെ പൂജ ചടങ്ങുകൾ ഇന്ന് നടന്നു.
പ്രഖ്യാപന സമയത്തു തന്നെ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആയിരുന്നു ആവേശം. തിയറ്ററുകളിൽ തരംഗം തീർത്ത രോമാഞ്ചത്തിൻറെ സംവിധായകൻ ജിത്തു മാധവൻറെ സംവിധാനത്തിൽ ഫഹദ് ഫാസിൽ എത്തുന്നു എന്നതായിരുന്നു കാരണം.ജിത്തു മാധവൻറെ രണ്ടാമത്തെ ചിത്രമാണിത്.ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഷോകൾ മുതൽ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഫഹദ് ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തിൻറെ ഹൈലൈറ്റ്.ചിത്രത്തിലെ പല ഡയലോഗുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംങ് ആണ്.
ബംഗളൂരു പശ്ചാത്തലമാക്കുന്ന ആക്ഷൻ കോമഡി ചിത്രത്തിൽ രംഗ എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് ബംഗളൂരുവിൽ പഠിക്കാനെത്തുന്ന ഒരു സംഘം മലയാളി വിദ്യാർഥികളും രംഗയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിൻറെ പ്ലോട്ട്. ഹിപ്സ്റ്റർ, മിഥുൻ ജയ് ശങ്കർ, റോഷൻ ഷാനവാസ് എന്നിവരാണ് വിദ്യാർഥികളെ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ മലയാളത്തിലെ എക്കാലത്തെയും വലിയ നാലാമത്തെ സാമ്പത്തിക വിജയമാണ് ആവേശം. മറുഭാഷാ സിനിമാപ്രേമികൾക്കിടയിലും സംസാരവിഷയമായിരുന്നു ചിത്രം.