മലയാളികൾ നെഞ്ചിലേറ്റിയ സംവിധായകൻ സച്ചിയുടെ ഓർമ ദിനമാണ് ഇന്ന്. മലയാള സിനിമയ്ക്ക് ചോക്ലേറ്റ് മധുരം സമ്മാനിച്ച് കടന്നു വന്ന വ്യക്തിയാണ് കെ ആർ സച്ചിദാനന്ദൻ. 48 ആം വയസ്സിലായിരുന്നു ഇദ്ദേഹത്തിൻ്റെ മടക്കയാത്ര. ഹൃദയാഘാതത്തെ തുടർന്ന് 2020 ജൂൺ 18നാണ് സച്ചി മരണപ്പെട്ടു. പതിമൂന്ന് വർഷം സിനിമയി നിലനിന്ന കാലാകാരൻ. ആ കാലത്തിനിടക്ക് എണ്ണം പറഞ്ഞ സിനിമകളിലൂടെ മലയാളികളെ തിയേറ്ററിലേക്ക് എത്തിച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് സച്ചി.
2007 ലാണ് ആദ്യമായി സച്ചി-സേതു എന്ന പേര് പ്രത്യക്ഷപ്പെട്ടത്. അഭിഭാഷകരായ രണ്ട് യുവാക്കളുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു ആ നിമിഷം. ചോക്ലേറ്റ് എന്ന ചിത്രം വെറുമൊരു തുടക്കമായിരുന്നു. റോബിൻ ഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് തുടങ്ങി സച്ചി-സേതു കൂട്ടുകെട്ടി പിറന്ന സിനിമകളുടെ നിര നീണ്ടു കിടക്കുകയാണ്. സിനിമയിലെ കലയും വ്യവസായവും ചേർന്നുള്ള സങ്കൽപ്പങ്ങൾ രണ്ടാണെന്ന് തിരിച്ചറിഞ്ഞതോടെ ആ കൂട്ടുകെട്ട് അവസാനിച്ചു.
ചാനൽ ജീവിതത്തിന്റെ പിന്നാമ്പുറ കഥപറഞ്ഞ റൺ ബേബി റണ്ണിലൂടെ സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായി. ചേട്ടായീസ്, ഷെർലക് ടോംസ്, രാമലീല, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങൾ സ്വതന്ത്രമായി തിരക്കഥയൊരുക്കി. ഇതിനിടയ്ക്ക് ചേട്ടായീസ് എന്ന ബിജുമേനോൻ ചിത്രത്തിലൂടെ സച്ചി നിർമാതാവിൻറെ റോളിലുമെത്തി. 2015ൽ അനാർക്കലി എന്ന ചിത്രത്തിലൂടെ സച്ചിയെന്ന സംവിധായകനും പിറന്നു. മലയാള സിനിമയിൽ വലിയ ചർച്ചയായ ചിത്രമായിരുന്നു അനാർക്കലി. പൃഥ്വിരാജ് - ബിജുമേനോൻ കൂട്ടുകെട്ട് അസാധാരണമായ വഴക്കത്തോടെ പ്രേക്ഷകരെ കയ്യിലെടുത്തു. അനിതര സാധാരണമായൊരു പ്രണയകഥ ദ്വീപ് പശ്ചാത്തലത്തിൽ പറഞ്ഞ് പ്രേക്ഷകരെ തിയേറ്ററിൽ എത്തിച്ചതോടെ മലയാള സിനിമ പുതിയൊരു തുടക്കം അറിഞ്ഞു.
ഡ്രൈവിങ് ലൈസൻസിന്റെ തിരക്കഥ പൂർത്തിയായ സമയത്ത് വരാനിരിക്കുന്ന അയ്യപ്പനും കോശിയും, അതിനിടെ ചർച്ച നടക്കുന്ന വിലായത്ത് ബുദ്ധയുമായിരുന്നു സച്ചിയുടെ മനസ്സ് നിറയെ. അടിമുടി സിനിമയെ പ്രണയിച്ചൊരാൾ തിരക്കഥ മാറ്റിയെഴുതി പടികടന്നു പോവുമ്പോൾ ആ പ്രതിഭ തൊടാതെ വഴിയാധാരമായ കഥാപാത്രങ്ങളാണ് അന്യമാവുന്നത്.
സച്ചിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്ന് മലയാള ചലച്ചിത്ര ലോകം വിലയിരുത്തി ചിത്രമാണ് അയ്യപ്പനും കോശിയും. സ്വയം വഴിവെട്ടി വന്ന് സിനിമാത്തറവാട്ടിലേക്ക് ഒരു കസേര സ്വയം വലിച്ചിട്ട് സച്ചി ഇരിപ്പുറപ്പിച്ചു. അയ്യപ്പൻ നായരും കോശികുര്യനും തമ്മിൽ കൊമ്പു കോർത്തപ്പോൾ മലയാളക്കര പക്ഷ ഭേദമില്ലാതെ സച്ചിക്കൊപ്പം ചേർന്നു. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം സച്ചി സ്വന്തമാക്കി.
എന്നാൽ ആ പുരസ്കാരം നേരിട്ട് വാങ്ങാൻ സച്ചിയില്ലായിരുന്നു. ഇതേ ചിത്രത്തിലെ അഭിനയത്തിന് ബിജുമേനോൻ സഹനടനായി. ചെയ്ത സിനിമകളിൽ പൂർണ തൃപ്തിയില്ലെന്ന് അദ്ദേഹം പറയുന്നതിൽ നിന്ന് ശുദ്ധസിനിമയോടുളള സച്ചിയുടെ അടങ്ങാത്ത അഭിനിവേശം നമുക്ക് വായിച്ചെടുക്കാം. അയ്യപ്പനും കോശിയും എന്ന സിനിമ കണ്ടവരെല്ലാം പറഞ്ഞു, ഇത് സച്ചിയെ അടയാളപ്പെടുത്തിയ ചിത്രമെന്ന്. പക്ഷേ ആ വാക്കുകൾ അറം പറ്റിപ്പോയി. ഇനിയുമേറെ കഥാപാത്രകളെ തുറന്നുവിടാനുണ്ടായിരുന്ന ആ വിളക്ക് അണഞ്ഞു പോയി.