മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് പ്രതികരിച്ച് രജനികാന്ത്. തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതി വേണോ എന്ന ചോദ്യത്തിന് തനിക്ക് അറിയില്ല, ക്ഷമിക്കണം എന്നായിരുന്നു രജനികാന്തിന്റെ പ്രതികരണം.
തമിഴ് സിനിമയിലും ഹേമ കമ്മിറ്റിയെ പോലെ അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് രജനിയുടെ പ്രതികരണം. ഇതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. അതേസമയം, തമിഴിലും സമാനമായ കമ്മിറ്റി രൂപീകരിക്കുമെന്നാണ് നടനും നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയുമായ വിശാൽ പ്രതികരിച്ചത്.
വനിതാ താരങ്ങളെ സഹായിക്കാനും അവർക്ക് പരാതി നൽകാനുമായി തമിഴ് താരങ്ങളുടെ സംഘടനയായ നടികർ സംഘം പരാതി പരിഹാര ഫോറം രൂപീകരിക്കുമെന്ന് വിശാൽ വ്യക്തമാക്കിയിരുന്നു. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്.
സ്ത്രീ പീഡനം ഇപ്പോൾ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. പലതരം മോശം സാഹചര്യങ്ങളിലൂടെയാണ് പെൺകുട്ടികളും സ്ത്രീകളുമെല്ലാം കടന്നുപോകുന്നത്. എല്ലാവരും അതു പരസ്യമായി പറയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഇത്തരം പരാതികളിലും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വിശാൽ ആവശ്യപ്പെട്ടിരുന്നു.