ആദ്യദിനം തന്നെ 1 ദശലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിച്ച ഈ വർഷത്തെ ആദ്യ ഇന്ത്യൻ ചിത്രമായി മാറി നാഗ് അശ്വിന്റെ 'കൽക്കി 2898 എഡി'.പ്രഭാസും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇതുവരെ 37 കോടിയിലധികം രൂപയാണ് പ്രീ-ടിക്കറ്റ് ബുക്കിംഗിലൂടെ നേടിയത്.റിലീസിന് ഒരു ദിവസം ബാക്കിനിൽക്കെ, പ്രീ-ബുക്കിംഗിലൂടെ 50 കോടി നേടുമെന്ന് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ട്.
ആദ്യ ദിനത്തെ പ്രീ-ബുക്കിംഗിലൂടെ ഹൈദരാബാദിൽ ഇതിനകം തന്നെ കൽക്കി 2898 എഡി ഒരു സർവകാല റെക്കോർഡ് സൃഷ്ടിച്ചുകഴിഞ്ഞു.14 കോടി രൂപയാണ് ഹൈദരാബാദിൽ പ്രീ ബുക്കിംഗിലൂടെ ലഭിച്ചത്. 'സലാറി'നേക്കാൾ 2 കോടി രൂപ കൂടുതലാണ് ഇത്.പ്രഭാസിനും ദീപിക പദുക്കോണിനും പുറമെ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷ പടാനി,മോഹൻ ലാൽ, ശോഭന എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.രാജ്യത്ത് ഇതിനകം 13 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്.ആകെ 37.25 കോടി രൂപയാണ് ഇതുവഴി ലഭിച്ചത്.ആദ്യ ദിനം 11 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റ് 31.55 കോടിയിലധികം നേടിയ തെലുങ്ക് പതിപ്പാണ് അഡ്വാൻസ് ബുക്കിംഗിൽ മുന്നിലാണ്.ഹിന്ദി പതിപ്പാണ് തൊട്ടുപിന്നിൽ.
അതെസമയം 'കൽക്കി 2898 എഡി' വിദേശത്തും ടിക്കറ്റ് പ്രീ ബുക്കിംഗ് തുടരുകയാണ്. 60 കോടിയിലധികം കളക്ഷനാണ് വിദേശത്ത് നിന്ന് മാത്രം പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ ഏകദേശം 120 കോടി രൂപ വരെ പ്രീ ബുക്കിംഗിലൂടെ നേടാനാകുമെന്നാണ് റിപ്പോർട്ട്. ചിത്രം 200 കോടി കടക്കുകയാണെങ്കിൽ ആഗോള ബോക്‌സ് ഓഫീസിൽ ആദ്യദിനം തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി കൽക്കി 2898 മാറും.നിലവിൽ ഒന്നാമത് 'RRR' (2022)ഉം രണ്ടാമത് 'ബാഹുബലി 2' (2017)ആണ്.