ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങൾ. അക്ഷയ് കുമാർ അടക്കമുള്ള താരങ്ങൾ പോളിങ് സ്‌റ്റേഷനിലെത്തി തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. വോട്ട് ചെയ്യാത്തവരെ ശിക്ഷിക്കണമെന്നാണ് നടൻ പരേഷ് റാവൽ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.
അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിൽ മുംബൈയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് നടന്റെ പ്രതികരണം. ”സർക്കാറുകൾ അത് ചെയ്തില്ല ഇത് ചെയ്തില്ല എന്നൊക്ക നിങ്ങൾ പറയും പക്ഷേ ഇന്ന് നിങ്ങൾ വോട്ട് ചെയ്തില്ലെങ്കിൽ നിങ്ങളാണ് അതിന് ഉത്തരവാദി. അല്ലാതെ സർക്കാരല്ല.” ”വോട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കണം. അവരുടെ ടാക്സ് കൂട്ടണം. അവർക്ക് ശിക്ഷ നൽകണം” എന്നാണ് പരേഷ് റാവൽ പറയുന്നത്.
ഫർഹാൻ അക്തർ, സോയ അക്തർ, പരേഷ് റാവൽ, സുനിൽ ഷെട്ടി, ധർമേന്ദ്ര, വരുൺ ധവാൻ, ഹേമ മാലിനി, ഇഷ ഡിയോൾ, ബോണി കപൂർ, ഖുഷി കപൂർ, മനോജ് ബാജ്‌പേയി, ഷബാന റാസ തുടങ്ങി നിരവധി താരങ്ങൾ വോട്ട് ചെയ്യാനെത്തിയിരുന്നു. അതേസമയം, ഏകദേശം 600ലധികം സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. മഹാരാഷ്ട്ര, ബിഹാർ, ജമ്മു കശ്മീർ, ജാർഖണ്ഡ്, ലഡാക്, ഒഡിഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ 49 മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്..