തിരുവന്തപുരം: 2022ൽ പുറത്തിറങ്ങിയ ‘പുഴു’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടൻ മമ്മൂട്ടി സൈബർ ആക്രമണം നേരിടുകയാണ്. ഹിന്ദുക്കളിലെ സവര്‍ണ- അവര്‍ണ പ്രശ്നം അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. ഒരു പ്രത്യേക സമുദായത്തെ മതഭ്രാന്തന്മാരായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന വേഷം മമ്മൂട്ടി നിരസിക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് സംവിധായകയുടെ ഭര്‍ത്താവ് ഉയര്‍ത്തിയ ആരോപണങ്ങളാണ് നടനെതിരെ സൈബര്‍ ആക്രമണവും വിദ്വേഷപ്രചാരണവും ഉയരാൻ കാരണമായത്.
ഹിന്ദു ജാതി വ്യവസ്ഥയുടെ താഴേത്തട്ടിൽ നിന്നുള്ള ഒരാളുമായി സഹോദരിയുടെ പ്രണയവിവാഹത്തിൽ നീരസം പ്രകടിപ്പിക്കുന്ന ഒരു ഉയർന്ന ജാതിക്കാരനായ ഉദ്യോഗസ്ഥനായാണ് ചിത്രത്തിലെ മമ്മുട്ടിയുടെ കഥാപാത്രം.നടന് പിന്തുണയുമായി ഭരണവും മുന്നണിയും പ്രതിപക്ഷവും അണിനിരന്നു. മലയാള സിനിമാ വ്യവസായത്തിലേക്ക് വർഗീയ രാഷ്ട്രീയത്തിൻ്റെ വിഷം കുത്തിവയ്ക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്നും ഇവർ ആരോപിച്ചു.
മതത്തിൻ്റെ പേരിൽ സംഘപരിവാർ ലക്ഷ്യമിടുന്നത് സിനിമാ രംഗത്തെ അതുല്യ പ്രതിഭയെയാണെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. ഇത്തരം ഭിന്നിപ്പുണ്ടാക്കുന്ന പ്രസംഗങ്ങൾ കേരളത്തിൽ ആരും സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും മമ്മൂട്ടിക്ക് പിന്തുണയുമായി എത്തിയിരുന്നു. കല മതത്തിനും രാഷ്ട്രീയത്തിനും അതീതമാണെന്നും നടനെതിരെയുള്ള സംഘപരിവാർ ആക്രമണം അപലപനീയമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
മമ്മൂട്ടിയെ മതത്തിൻ്റെ പേരിൽ വേർതിരിക്കാനുള്ള സംഘപരിവാർ ശ്രമത്തെ കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ വിമർശിച്ചു. ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം സിനിമയുടെ ആശയം രൂപപ്പെടുത്തിയ സംവിധായകനും തിരക്കഥാകൃത്തുമാണെന്ന് ബി.ജെ.പി നേതാവ് രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. 50 വർഷമായി മലയാള സിനിമയെ അടക്കിഭരിക്കുന്നത് മമ്മൂട്ടിയാണെന്നും, വ്യത്യസ്ത മത-ജാതി പശ്ചാത്തലങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യപ്കമാക്കി.