നടി നിമിഷ സജയനെതിരെ നടക്കുന്ന വ്യക്തിഹത്യ അംഗീകരിക്കാൻ കഴിയില്ലെന്ന് നടനും സംവിധായകനുമായ മേജർ രവി. ഒരു വേദി കിട്ടിയപ്പോൾ കയ്യടി കിട്ടാൻ വേണ്ടി സുരേഷ് ഗോപി എന്നോ പറഞ്ഞ കാര്യം നിമിഷ വിളിച്ചു പറഞ്ഞതാണെന്നും അതിൽ വ്യക്തിവൈരാഗ്യമില്ലെന്നും മേജർ രവി പറയുന്നു. ഇത്തരത്തിലുള്ള വ്യക്തിവിരോധം ഒന്നും ഇഷ്ടപ്പെടുന്ന ആളല്ല സുരേഷ്ഗോപിയെന്നും അദ്ദേഹം സാത്വികനായ വ്യക്തിയാണെന്നും മേജർ രവി പറയുന്നു. ഫേസ്‌ബുക് പേജിൽ പങ്കുവച്ച ലൈവ് വിഡിയോയിലൂടെയാണ് നിമിഷയ്ക്കെതിരെയുള്ള വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന് മേജർ രവി ആവശ്യപ്പെട്ടത്.
ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ വിടുകയാണ് വേണ്ടത് അല്ലാതെ ഒരു പെൺകുട്ടിയുടെ പിന്നാലെ പോയി അവളെ അറ്റാക് ചെയ്യാൻ നിങ്ങൾക്കൊന്നും വേറെ പണി ഒന്നുമില്ലേ ? ഇതൊക്കെ നിർത്തിക്കൂടെ? ആ കുട്ടി ചെയ്തത് വ്യക്തിപരമായ ദേഷ്യം കൊണ്ടൊന്നും അല്ല. ഒരു സ്റ്റേജിൽ കയറി കുറച്ചു കയ്യടി കിട്ടുന്ന സമയത്ത് വായിൽ നിന്ന് പോയതാണ്. അന്ന് പറഞ്ഞതിനെ ഇപ്പോ എടുത്തിട്ട് ആ കുട്ടിയെ അറ്റാക്ക് ചെയ്യുന്നതിനെ അംഗീകരിക്കാനാകില്ല. സുരേഷ് എന്റെ സുഹൃത്താണ്, ആ കുടുംബവും എനിക്ക് അടുപ്പമുള്ളതാണ്, ആ കുട്ടി അല്ലാതെ വേറെ ആരെല്ലാം എന്തെല്ലാം പറഞ്ഞിട്ടുണ്ട്. ഇതൊക്കെ സുരേഷിന് ഇഷ്ടപ്പെടും എന്നുകരുതി ആണ് പറയുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. സുരേഷ് വളരെയധികം സാത്വികനായ മനുഷ്യനാണ് ഇങ്ങനെയൊക്കെ പറയുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുമെന്നു കരുതരുത്. ഇനിയെങ്കിലും ഈ സൈബർ ആക്രമണം നിർത്തണം. " മേജർ രവി പറഞ്ഞു.
തൃശൂർ നിയോജക മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് സുരേഷ്‌ഗോപി തിഞ്ഞെടുക്കപ്പെട്ടതോടെ നിമിഷ സജയനെതിരായുള്ള വ്യക്തിഹത്യയും ആരംഭിച്ചു.