ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സ് വിവിധ രാജ്യങ്ങളിൽ സൗജന്യ സേവനത്തനൊരുങ്ങുന്നതായി റിപ്പോർട്ട്. കാഴ്‌ചക്കാരുടെ എണ്ണത്തിൽ വർധനവുണ്ടാക്കുന്നതിന് വേണ്ടി യൂറോപ്പിലെയും ഏഷ്യയിലേയും രാജ്യങ്ങളിൽ നെറ്റ്‌ഫ്ലിക്‌സ് സൗജന്യ സേവനം ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ കെനിയയിൽ നെറ്റ്‌ഫ്ലിക്‌സ് സൗജന്യ സേവനം നടപ്പാക്കിയിരുന്നെങ്കിലും കഴിഞ്ഞ വർഷം ഇത് പിൻവലിക്കുകയായിരുന്നു.
വലിയ വിപണികളിലേക്ക് സൗജന്യ സേവനം എത്തിക്കാനാണ് കമ്പിനി പദ്ധതിയിടുന്നത്. പ്രത്യേകിച്ചും സൗജന്യ ടിവി നെറ്റ്‌വർക്കുകൾക്ക് സ്വീകാര്യതയുള്ള രാജ്യങ്ങളിലും വലിയ രീതിയിൽ പരസ്യം ലഭിക്കുന്ന ജർമനി, ജപ്പാൻ പോലുള്ള രാജ്യങ്ങളിലും. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലും നെറ്റ്‌ഫ്ലിക്‌സിന്റെ സൗജന്യ സേവനമെത്താനുള്ള സാധ്യതയേറെയാണ്. എങ്കിലും യുഎസിൽ നെറ്റ്‌ഫ്ലിക്‌സ് സൗജന്യ സേവനം നടപ്പാക്കില്ല. നെറ്റ്‌ഫ്ലിക്‌സിന് യുഎസിൽ നിന്ന് ലഭിക്കാവുന്നതിൽ പരമാവധി ഉപഭോക്താക്കളെ ഇതിനോടകം ലഭിച്ചു എന്നതാണ് കാരണം.
സൗജന്യ സേവനം ആരംഭിക്കുന്നതോട് കൂടി കൂടുതൽ ആളുകൾ നെറ്റ്‌ഫ്ലിക്‌സ് ഉപഭോക്താക്കളായി എത്തുമെന്നാണ് കമ്പിനിയുടെ പ്രതീക്ഷ.
നിലവിൽ യു ട്യൂബ് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതിയുള്ള വീഡിയോ സ്‌ട്രീമിങ് സംവിധാനമാണ് നെറ്റ്‌ഫ്ലിക്‌സ്. എന്നാൽ പരസ്യ വിതരണത്തിന്റെ കാര്യത്തിൽ നെറ്റ്‌ഫ്ലിക്‌സ് ബഹുദൂരം പിന്നിലാണ്. പ്രേക്ഷകരിൽ നിന്നും നേരിട്ട് ലഭിക്കുന്ന സബ്‌സ്‌ക്രിപ്‌ഷൻ തുകയാണ് ഇപ്പോൾ നെറ്റ്‌ഫ്ലിക്‌സിന്റെ പ്രധാന വരുമാന മാർഗം.