2023ൽ ഏറ്റവുമധികം കാഴ്ചക്കാരെ ലഭിച്ച ഇന്ത്യൻ സിനിമകളുടെ പേരുകൾ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. കരീന കപൂർ പ്രധാന വോൽത്തിലെത്തിയ സുജയ് ഘോഷിന്റെ ക്രൈം ത്രില്ലർ ചിത്രം ജാനേ ജാൻ ആണ് നെറ്റ്ഫ്ലിക്സിൽ ഏറ്റവുമധികം പേർ കണ്ട ഇന്ത്യൻ ചിത്രം.
20.2 മില്യൺ കാഴ്ചക്കാരെ ജാനേ ജാൻ സ്വന്തമാക്കി. ആഗോള തലത്തിൽ 83-ാം സ്ഥാനമാണ് ചിത്രത്തിനുള്ളത്. കരീന കപൂറിന്റെ ആദ്യ ഒടിടി ചിത്രം കൂടിയാണ് ജാനേ ജാൻ. ഗാർഹിക പീഡനത്തെ അതിജീവിച്ച സ്ത്രീയാണ് കരീനയുടെ കഥാപാത്രം. മകളുമായി സ്വസ്ഥമായി ജീവിക്കുന്നതിനിടെ മുൻ ഭർത്താവ് തേടിയെത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്.
ജാനേ ജാനിന് ശേഷം രണ്ടാം സ്ഥാനത്ത് എത്തിയത് ഷാരൂഖ് ഖാൻ ഇരട്ട വേഷത്തിലെത്തിയ ജവാൻ ആണ്. നെറ്റ്ഫ്ലിക്സിൽ 16.2 മില്യൺ കാഴ്ചക്കാരെ സിനിമ സ്വന്തമാക്കി. ആഗോളതലത്തിൽ 120-ാം സ്ഥാനമാണ് ജവാനുള്ളത്. മൂന്നാം സ്ഥാനത്ത് വിശാൽ ഭരദ്വാജിന്റെ സ്പൈ ത്രില്ലർ ഖൂഫിയ എത്തി. ചിത്രം 12.1 മില്യാൺ കാഴ്ചക്കാരെ നേടി. ആഗോളതലത്തിൽ 194-ാമതാണ് ഖൂഫിയയുടെ സ്ഥാനം.