പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ താൻ അഭിനയിക്കില്ലെന്ന് വെളിപ്പെടുത്തി നടൻ സത്യരാജ്. മോദിയായി വേഷമിടുന്നുവെന്ന വാർത്തകൾ തള്ളിയ നടൻ താനൊരു പെരിയാറിസ്റ്റ് ആണെന്നും പറഞ്ഞു. തമിഴ് മാധ്യമങ്ങളാണ് സത്യരാജിൻ്റെ അഭിപ്രായം പുറത്തുവിട്ടത്.
മോദിയായി വേഷമിടാൻ തന്നെയാരും സമീപിച്ചിട്ടില്ലെന്നും നടൻ പറയുന്നത്. അത്തരമൊരു വേഷം വന്നാൽ താൻ ചെയ്യില്ലെന്നും ആശയപരമായി താനൊരു 'പെരിയാറിസ്റ്റ്' ആണെന്ന് അദ്ദേഹം വ്യക്തമാക്കിയതായും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2007-ൽ സാമൂഹിക പരിഷ്കർത്താവായ പെരിയാറിന്റെ ജീവചരിത്രത്തിൽ സത്യരാജ് അഭിനയിച്ചിരുന്നു. മികച്ച നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്.
മോദിയായി സത്യരാജ് വേഷമിടുന്നുവെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ കോൺഗ്രസ് എം. പി കാർത്തി ചിദംബരം ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട് . മോദിയുടെ വേഷം സത്യരാജിന് നൽകരുതെന്ന് ബിജെപി നേതാക്കളും ആവശ്യപ്പെട്ടു. ചർച്ചകൾ ചൂടുപിടിക്കുന്നതിന് ഇടയിലാണ് വിശദീകരണവുമായി സത്യരാജ് എത്തിയത്. അനലിസ്റ്റ് രമേശ് ബാലയാണ് സത്യരാജ് മോദിയായി വേഷമിടുന്നുവെന്ന് എക്സിലൂടെ അറിയിച്ചത്. ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായിരിക്കും ചിത്രം നിർമിക്കുകയെന്നായിരുന്നു വിവരം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.