പ്രവാസ ജീവിതത്തിന്റെ ദുരിതകടൽ നീന്തിക്കടന്ന നജീബിന്റെ ജീവിതം സിനിമയാകുമ്പോൾ ആറാട്ടുപുഴക്കാർ ആഹ്ലാദത്തിലാണ്. നജീബിന്റെ ജീവിതം എഴുത്തിലൂടെ ലോകത്തെയറിയിച്ച ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ ബ്ലസിയിലൂടെ ചലച്ചിത്രമായി നാളെ തിയറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. നജീബായി സിനിമയിൽ തിളങ്ങിയ പൃഥ്വിരാജ് ഫാൻസുകാർക്കൊപ്പം നാളെ ആറാട്ടുപുഴയിലെ നജീബ് ഫാൻസ് അസോസിയേഷനും ഉണ്ടാവും .
നജീബിന്റെ പ്രവാസ ജീവിതത്തിലെ കഷ്ടപ്പാടും കണ്ണീരുമാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. ദുരിതങ്ങളിൽ നിന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താനാവും എന്ന ഒരു ചെറുപ്പക്കാരന്റെമനസ്സിലെ വിങ്ങൽ ഈ തീരഭൂമിയിലാണ് അലിഞ്ഞു ചേർന്നത്. ആ ദുരിത്തങ്ങളിൽ ആളിക്കത്തിയ കനൽ കാണാഞ്ഞതും ആറാട്ടുപുഴ തീരത്തെ അലകളാണ്. ആടുജീവിതം സിനിമ നാട്ടിലെ തിയറ്ററിലെത്തി കാണുമെന്ന് നജീബ് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ചെറുമകൾ മരിച്ചത് കുടുംബത്തിൽ സങ്കടം കൊണ്ടെത്തിച്ചെങ്കിലും അധികം വൈകാതെ കുടുംബവുമായും ഒരുമിച്ച് തിയറ്ററിലെത്തി കാണുമെന്നും നജീബ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ചലച്ചിത്ര പ്രതിഭകളുടെ സംഗമത്തിൽ വെച്ച് പറഞ്ഞിരുന്നു .
ആറാട്ടുപുഴ പഞ്ചായത്തിലെ പത്തിശേരി പതിനെട്ടാം വാർഡിന്റെ പ്രതിനിധി എൽ. മൻസൂറിന്റെ നേതൃത്വത്തിലാണ് അസോസിയേഷൻ തുടങ്ങിയത്.പഞ്ചായത്തിലെ മുതിർന്ന പൗരന്മാർക്ക് തിയറ്ററിൽ എത്തി സിനിമ കാണാൻ ഉള്ള വാഹന സൗകര്യത്തെ ഒരുക്കുമെന്നാണ് അദ്ദേഹം അറിയിച്ചത് .