മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ടർബോ’ മെയ് 23നാണ് തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത് മിഥുൻ മാനുവൽ തോമസാണ്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ടർബോ.
ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന അരുവിപ്പുറത്ത് ജോസ് എന്ന ജീപ്പ് ഡ്രൈവറായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്. ടർബോയിൽ ആക്ഷന് ഏറെ പ്രാധാന്യമുണ്ടെന്നും ഫൈറ്റ് സീനുകൾക്കുപുറമേ മമ്മൂക്കയുടെ മികച്ച കാർ ചെയ്‌സ് സീനുകളും ചിത്രത്തിലുണ്ടെന്ന് മിഥുൻ മാനുവൽ തോമസ് പറഞ്ഞു.
“സിനിമയുടെ പേര് സൂചിപ്പിക്കുന്നപോലെ അത്ര മാസ് പരിവേഷമുള്ള ആളല്ല ജോസ്. അരുവിപ്പുറത്ത് ജോസ് എന്നാണ് കഥാപാത്രത്തിന്റെ യഥാർഥ പേര്. അടുപ്പമുള്ളവർ ജോസ് ഏട്ടായി എന്നുവിളിക്കും. ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ. ഒരുപാട് സൗഹൃദങ്ങളുള്ള വ്യക്തിയാണ് ജോസേട്ടായി. അവർക്കുവേണ്ടി എന്തും ചെയുന്ന പ്രകൃതവുമുണ്ട്. ഇതൊക്കെയാണ് ജോസിനെ ടർബോ ജോസ് ആക്കിമാറ്റുന്നത്. മമ്മുക്കയുടെ ഈ കഥാപാത്രത്തെയും ആളുകൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
വൈശാഖ് സിനിമകളുടെ പ്രധാനപ്പെട്ട ഹൈലൈറ്റാണ് ആക്‌ഷൻ. സ്വാഭാവികമായും ടർബോയിലും ആക്‌ഷന് പ്രധാന്യമുണ്ട്. അത് നന്നാക്കിയെടുക്കാൻ വൈശാഖും ഫൈറ്റ് മാസ്റ്റർ ഫീനിക്‌സ് പ്രഭുവും പരമാവധി ശ്രമിച്ചു. ആക്‌ഷൻ സീനുകളൊക്കെ പരമാവധി പരിശ്രമിച്ചിട്ടാണ് മമ്മുക്ക ചെയ്തിട്ടുള്ളത്. ഇതിന്റെ ഫലമാകും തിയേറ്ററിൽ കാണാൻ പോവുന്നത്. ഫൈറ്റ് സീനുകൾക്കുപുറമേ മമ്മൂക്കയുടെ മികച്ച കാർ ചെയ്‌സ് സീനുകളും ത്രില്ലടിപ്പിക്കുമെന്നാണ് മിഥുൻ മാനുവൽ തോമസ് പറയുന്നത്.
ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ. ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
2021ൽ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്‌ക്വാഡ്, കാതൽ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിർമ്മിച്ച ചിത്രങ്ങൾ.