മലയാളികൾക്ക് മമ്മൂട്ടി എന്നും മെഗാസ്റ്റാറാണ്. എന്നാൽ മെഗാസ്റ്റാറെന്ന് ആദ്യം വിളിച്ചത് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി. ദുബായ് മാധ്യമങ്ങളാണ് തനിക്ക് 'മെഗാസ്റ്റാർ' എന്ന പേര് ആദ്യമായി നൽകിയതെന്നാണ് മമ്മൂട്ടി പറഞ്ഞത്.
1987 ൽ ഒരു ഷോയ്ക്ക് വേണ്ടി ആദ്യമായി ദുബായിലേക്ക് പോകുന്നത്. അന്നവർ എനിക്കൊരു വിശേഷണം തന്നു. 'ദി മെഗാസ്റ്റാർ'. ദുബായ് മാധ്യമങ്ങളാണ് എനിക്കാ വിശേഷണം തന്നത്. അല്ലാതെ ഇന്ത്യയിൽ നിന്നും ആരുമല്ല. ഞാൻ ദുബായിയിൽ എത്തിയപ്പോൾ അവരെഴുതി, 'മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് ദുബായിയിൽ എത്തുന്നു" എന്ന് മമ്മൂട്ടി പറഞ്ഞു.
ഇൻഫ്‌ളൂവന്‍സർ ഖാലിദ് അൽ അമീറിയുമായി നടത്തിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. 'മെഗാസ്റ്റാർ' എന്ന പേര് ലഭിച്ചപ്പോൾ എന്ത് തോന്നിയെന്ന ചോദ്യത്തിന് അത് വിശേഷണം മാത്രമാണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. "ആളുകൾ സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടുമാകാം വിശേഷണങ്ങൾ തരുന്നത്. ഞാനത് സ്വയം കൊണ്ട് നടക്കുന്നില്ല. ഞാനത് ആസ്വദിക്കുന്നുമില്ല'' മമ്മൂട്ടി പറഞ്ഞു. മമ്മൂക്ക എന്ന് വിളിക്കുന്നത് കേൾക്കാനാണ് ഏറ്റവും ഇഷ്ടമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഖാലിദ് അൽ അമീറിക്ക് നൽകിയ അഭിമുഖത്തിലെ മമ്മൂട്ടിയുടെ മറ്റൊരു പരാമർശവും കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആയിരക്കണക്കിന് നടന്മാരിൽ ഒരാളാണ് താനെന്നും ലോകാവസാനം വരെ തന്നെയാരും ഓർത്തിരിക്കില്ലെന്നും ആയിരുന്നു മമ്മൂട്ടി പറഞ്ഞത്. ലോകം മമ്മൂട്ടിയെ എങ്ങനെ ഓർക്കണമെന്നാണ് കരുതുന്നത് എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.