വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി എത്തി വിസ്മയിപ്പിച്ച ചിത്രം 'മഹാരാജ' ബോളിവുഡിലേക്ക് റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ബോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനി സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതിന് താത്പര്യം പ്രകടിപ്പിച്ചതായി ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ആമിർ ഖാനെയാണ് സിനിമയിൽ നായക കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നത്. സിനിമയുടെ അവകാശങ്ങൾ വമ്പൻ തുകയ്ക്ക് കമ്പനി സ്വന്തമാക്കിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
കൊരങ്ങ് ബൊമ്മയ്ക്ക് ശേഷം നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാരാജ. ജൂൺ 14ന് റിലീസിനെത്തിയ മഹാരാജ 100 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ കളക്ഷൻ വാരിക്കൂട്ടിയത്. സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്.
അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിർമ്മിച്ചത്.