കൽക്കി 2898 എഡി എന്ന മെഗാഹിറ്റ് ചിത്രത്തിൻ്റെ വിജയത്തിന് പിന്നാലെ പ്രഭാസിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും സിനിമാ ലോകത്ത് ഏറെ സജീവമാണ്. അത്തരത്തിൽ പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇപ്പോൾ സിനിമാ ആസ്വാദകർക്കിടയിലെ ചർച്ചാ വിഷയം. രൺബീർ കപൂർ നായകനായി എത്തിയ അനിമൽ എന്ന ബോളിവുഡ് ചിത്രത്തിന്റെ സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ. ഏപ്രിലിലായിരുന്നു പ്രഭാസിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നതായി സംവിധായകൻ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. കൊറിയൻ സൂപ്പർ താരം മാ ഡോങ്-സിയോക് ചിത്രത്തിൽ വേഷമിടുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ചിത്രത്തിൽ പ്രഭാസിന്റെ വില്ലനായിട്ടാകും താരം എത്തുക. ഭാഷാഭേദ്യമന്യേ ഇങ്ങ് ഇന്ത്യയിലും ഏറെ ആരാധകരുള്ള താരമാണ് 'കൊറിയൻ ലാലേട്ടൻ' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മാ ഡോങ്-സിയോക്. ഇത്തരത്തിൽ വില്ലൻ-നായക കോമ്പോ സിനിമാസ്വാദകർക്കിടയിൽ മികച്ചൊരു ദൃശ്യവിരുന്നാകും ഒരുക്കുക എന്ന കാര്യം തീർച്ചയാണ്. ഇദ്ദേഹത്തിന് പുറമെ കൊറിയൻ സ്റ്റണ്ട് കൊറിയോഗ്രാഫർമാരെയും അണിയറപ്രവർത്തകർ സമീപിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്.
കൊറിയയിലെ ഏറ്റവും സമ്പന്നനായ നായക നടന്മാരുടെ ലിസ്റ്റിൽ മുൻപന്തിയിൽ ഉള്ള ആളാണ് മാ ഡോങ്-സിയോക്. 4.14 കോടിയാണ് ഒരു സിനിമയ്ക്ക് വേണ്ടി ഇദ്ദേഹം വാങ്ങിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം, പ്രഭാസിന്റെ കൽക്കി മികച്ച പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുകോൺ തുടങ്ങി ഒട്ടനവധി താരനിര അണിനിരന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 800 കോടി രൂപയാണ് കൽക്കിയുടെ ബോക്സ് ഓഫീസ് കളക്ഷൻ. വൈകാതെ ചിത്രം ആയിരം കോടി ക്ലബ്ബെന്ന ഖ്യാതിയും സ്വന്തമാക്കും.