ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ മേഖലയിൽ നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ മലയാള സിനിമയിൽ മുതിർന്ന സ്ത്രീകൾക്കുപോലും രക്ഷയില്ലെന്ന് തുറന്നുപറയുകയാണ് നടി ലക്ഷ്മി രാമകൃഷ്ണൻ.മലയാള സിനിമയിലെ ഒരു പ്രമുഖ സംവിധായകൻ തന്നെ കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചെന്നും അതു നിരസിച്ച് നല്ല മറുപടി കൊടുത്തെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ.അതോടെ ആ സിനിമ പോയെന്നും എന്നാൽ അതിൽ യാതൊരു ഖേദവുമില്ലെന്നും താരം കൂട്ടിച്ചേർത്തു. മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ ലൊക്കേഷനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നും ലക്ഷ്മി പറഞ്ഞു.
' ചെന്നൈയിൽ വെച്ചായിരുന്നു സിനിമയുടെ പൂജ നടന്നത്. അതിൽ ഞാൻ പങ്കെടുത്തു. സിനിമയുമായി ബന്ധപ്പെട്ടു വന്ന വാർത്തകളിലൊക്കെ എന്റെ പേരും ഉണ്ടായിരുന്നു. കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാൻ എന്നെ കാണണം എന്നു പറഞ്ഞ് അതിന്റെ സംവിധായകൻ എനിക്ക് മെസേജ് ചെയ്തു .എയർപോർട്ടിൽ പോകുമ്പോൾ വന്ന് കണ്ടിട്ട് പോകാമെന്ന് ഞാൻ തിരിച്ച് മെസേജ് അയച്ചു. അയാൾക്ക് കഥാപാത്രത്തെക്കുറിച്ച് വിശദമായി എന്നോട് സംസാരിക്കണമെന്നും ഹോട്ടലിൽ സ്റ്റേ ചെയ്യണമെന്നും പറഞ്ഞു. അതുപറ്റില്ലെന്ന് അപ്പോൾ തന്നെ സംവിധായകനെ അറിയിച്ചു.അവിടെ സ്റ്റേ ചെയ്താലേ ആ കഥാപാത്രം ലഭിക്കുകയുള്ളുവെന്ന് അയാൾ പറഞ്ഞു. അപ്പോൾ എനിക്ക് മനസിലായി, ഞാൻ നല്ല മെസേജ് തിരിച്ചയച്ചു. ശരിക്കും പറഞ്ഞു, അതോടെ എന്റെ റോളും പോയി. പക്ഷെ അതിൽ എനിക്ക് യാതൊരു ദുഃഖവുമില്ല.
മലയാളി സംവിധായകന്റെ തമിഴ് സെറ്റിൽ നിന്നും മോശമായ സംഭവം ഉണ്ടായി. ആ സംവിധായകൻ ദേഹത്ത് തൊട്ടാണ് സംസാരിക്കുന്നത്. ചിലപ്പോൾ അതു നമുക്ക് കുഴപ്പമില്ലായിരിക്കും. ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കും. അങ്ങനെ ശരീരത്ത് തൊട്ട് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞു. അത് അയാൾക്ക് അത് ഇഷ്ടമായില്ല. ചുമ്മ നടന്ന് പോകുന്ന ഷോട്ടൊക്കെ 19 ടേക്ക് വരെ എടുത്തു.ഈ മുഖത്ത് ലൈറ്റ് അടിപ്പിക്കണ്ട കാണാൻ കൊള്ളില്ല എന്നൊക്കെ സെറ്റിൽ വെച്ച് പറഞ്ഞു. എന്നോട് മാപ്പ് പറഞ്ഞില്ലെങ്കിൽ ഇനി സിനിമയിൽ അഭിനയിക്കാൻ വരില്ലെന്ന് അന്ന് പറഞ്ഞിരുന്നു.
അമ്മവേഷങ്ങളിൽ അഭിനയിക്കുന്ന നടിമാർക്ക് തമിഴ് സെറ്റുകളിൽ ബഹുമാനം ലഭിക്കും.മലയാളത്തിലായതു കൊണ്ടാണ് ഹേമ കമ്മിറ്റി പോലൊന്ന് സാധ്യമായത്. തമിഴ്, തെലുങ്ക് എന്നീ സിനിമ മേഖലയിൽ ഇനിയും ഒരു 50 വർഷമെടുക്കും ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വരാൻ. സെറ്റുകളിൽ സ്ത്രീകൾ നേരിടുള്ള തൊഴിൽ ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചർച്ചയാകാത്തതിൽ ദുഖമുണ്ട്'- ലക്ഷ്മി പറഞ്ഞു. ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് ലക്ഷ്മി മലയാളത്തിലെത്തുന്നത്. വിനീത് ശ്രീനിവാസൻ ചിത്രം ജേക്കബിന്റെ സ്വർഗരാജ്യം നടിക്ക് ഏറെ പ്രശംസ നേടി കൊടുത്തു. സംവിധായക കൂടിയാണ് ലക്ഷ്മി.