കോളിവുഡിന്റെ സീൻ മാറ്റി ഹൊറർ ത്രില്ലർ ‘അരൺമനൈ 4’. സുന്ദർ സി സംവിധാനം ചെയ്ത പുതിയ ചിത്രം അരൺമനൈ 4 മെയ് മൂന്നിനാണ് റിലീസ് ചെയ്ത്. ആഗോളതലത്തിൽ 75 കോടി രൂപ നേടിയിരിക്കുകയാണ്. ഇതോടെ ഈ വർഷത്തെ കോളിവുഡിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ പട്ടികയിൽ ചിത്രം രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. അധികം ഹിറ്റുകൾ ലഭിക്കാത്ത ഈ വർഷം കോളിവുഡിന് ലഭിക്കുന്ന സർപ്രൈസ് ഹിറ്റ് ആണിത്.
അടുത്തിടെയായി തമിഴിൽ പുറത്തിറങ്ങിയ മിക്ക സിനിമകളും ഫ്ളോപ്പ് ആയിരുന്നു. ഈ വർഷം ഇതുവരെ പുറത്തിറങ്ങിയ നൂറോളം സിനിമകളിൽ ആകെ വിജയം നേടിയത് ക്യാപ്റ്റൻ മില്ലർ, അയലാൻ എന്നീ രണ്ട് സിനിമകൾ മാത്രമാണ്. മറ്റ് ചിത്രങ്ങൾ ആദ്യ ദിനം മുതൽ തന്നെ തിയേറ്ററിൽ പരാജയം നേരിടുകയാണുണ്ടായത്.
സുന്ദർ സിയുടെ സ്ഥിരം രീതിടിലെത്തിയ ചിത്രത്തിൽ സംവിധായകനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. തമന്ന, റാഷി ഖന്ന എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, കെ എസ് രവികുമാർ, ജയപ്രകാശ്, വിടിവി ഗണേഷ്, ഡൽഹി ഗണേഷ്, രാജേന്ദ്രൻ, സിംഗംപുലി എന്നിവരാണ് മറ്റ് സഹതാരങ്ങൾ.
അരൺമനൈ 1 2014ലാണ് റിലീസ് ചെയ്തത്. സുന്ദർ, ഹൻസിക, വിനയ് റായ്, ആൻഡ്രിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചു. 2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ എന്നിവരാണ് കഥാപാത്രങ്ങളായത്.