രേണുകാസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപയും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റിലായിരുന്നു. എന്നാൽ അതിന്റ ആഗാതം ഇനിയും അവസാനിച്ചിട്ടില്ല. കേസിൽ ഒന്നാം പ്രതിയാണ് പവിത്ര. ദർശൻ രണ്ടാം പ്രതിയും.
ഇരുവരുടേയും അറസ്റ്റുമായി ബന്ധപ്പെട്ട് കന്നഡ നടനായ കിച്ചാ സുദീപിന്റെ പ്രതികരണം ഇപ്പോൾ ശ്രദ്ധനേടുകയാണ്. കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ ഭാര്യക്കും അവർക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണമെന്ന് സുദീപ് മാധ്യമങ്ങളോടു പറഞ്ഞു. കന്നഡ ചലച്ചിത്ര മേഖലയെ ഒന്നടങ്കം ജനങ്ങൾ കുറ്റപ്പെടുത്തുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ദർശന്റെ പേര് പരാമർശിക്കാതെയായിരുന്നു സുദീപിന്റെ അഭിപ്രായപ്രകടനം.
"മാധ്യമങ്ങളിൽ വരുന്നതുമാത്രമാണ് നമുക്കറിയാവുന്നത്. കാരണം നമ്മളാരും വിവരം തിരക്കാൻ പോലീസ് സ്റ്റേഷനിൽ പോകുന്നില്ലല്ലോ. സത്യം മറനീക്കിക്കൊണ്ടുവരാൻ മാധ്യമങ്ങളും പോലീസും കഠിനാധ്വാനം ചെയ്യുന്നുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. കൊല്ലപ്പെട്ടയാളുടെ കുടുംബവും ഭാര്യയും നീതി അർഹിക്കുന്നുണ്ട്. തെരുവിൽക്കിടന്ന് മരിച്ച രേണുകാസ്വാമിക്ക് നീതി ലഭിക്കണം. അയാളുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിന് നീതി കിട്ടണം. എല്ലാത്തിനുമുപരി എല്ലാവർക്കും നീതിയിൽ വിശ്വാസമുണ്ട്. ഈ കേസിൽ നീതി വിജയിക്കണം." കിച്ചാ സുദീപ് പറഞ്ഞു.
പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രേണുകാസ്വാമിയുടെ കൊലപാതകവും പിന്നാലെ നടൻ ദർശനെ അറസ്റ്റ് ചെയ്തതും കന്നഡ ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന് സുദീപ് അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ അന്തരീക്ഷം അത്ര ശരിയാണെന്ന് തോന്നുന്നില്ല. ഫിലിം ഇൻഡസ്ട്രിക്ക് നീതിയും ക്ലീൻ ചിറ്റും ലഭിക്കണം. കുറ്റവാളി ശിക്ഷിക്കപ്പെട്ടാലേ ഇൻഡസ്ട്രിക്ക് ആശ്വാസമാകൂ എന്നും സുദീപ് കൂട്ടിച്ചേർത്തു.